
കട്ടപ്പന. നിരവധി മോഷണ കേസുകളിലെ പ്രതി ബിബിൻ (പറവ ബിബിൻ 23) തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ.കോയമ്പത്തൂർ, പൊള്ളാച്ചി,പളനി തുടങ്ങിയ തമിഴ്‌നാട് മേഖലകളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിച്ചു മോഷണം നടത്തിയ പറവ ബിബിനെ തങ്കമണി പൊലീസിന്റെ സഹായത്തോടെയാണ് കോയമ്പത്തൂർ പൊലീസ് പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിന്റെ മകനാണ്. മാർച്ച് 19 ന് വിയ്യൂർ സെൻട്രൽ ജയിൽ നിന്നും കേരളത്തിൽ നടത്തിയ നിരവധി മോഷണ കേസുകളുടെ ശിക്ഷ പണം ഒടുക്കിയശേഷം പുറത്തിറങ്ങിയ പ്രതി തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ കറങ്ങി നടന്നതിനശേഷം തമിഴ്‌നാട്ടിലെ, പൊള്ളാച്ചി, പളനി, കോയമ്പത്തൂർ മേഖലകളിൽ തമ്പടിച്ച് വീണ്ടും മോഷണം നടത്തി വരികയായിരുന്നു .കോയമ്പത്തൂരിൽ നടന്ന നിരവധി മോഷണങ്ങളിൽ ബിബിന്റെ പങ്ക് മനസിലായ തമിഴ്‌നാട് പൊലീസ് ഇയാളെ പിന്തുടർന്ന് കട്ടപ്പനയിലെത്തുകയും ഡിവൈ.എസ്.പി വി. എ നിഷാദ്മോന്റെ സഹായം തേടുകയുമായിരുന്നു. തുടർന്ന് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ തങ്കമണി പോലീസിന്റെ സഹായത്തോടുകൂടി കാമാക്ഷിയിലുള്ള വീട്ടിൽനിന്ന് ബിബിനെ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട് പൊലീസിന് കൈമാറുകയുമായിരുന്നു. 23 വയസ്സുള്ള ബിബിൻ കേരളത്തിൽ പുതുതായി എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടണ്ടോ എന്ന് തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈ.എസ്പി വി എ നിഷാദ് മോൻ അറിയിച്ചു.