തൊടുപുഴ: ശബരിമല ഡ്യൂട്ടിക്ക് താത്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കത്തിന് പിന്നിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി റാങ്ക് ഹോൾഡേഴ്‌സ് രംഗത്തെത്തി. റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് അവഗണിച്ച് മറ്റുള്ളവർക്ക് നിയമനം നൽകാനുള്ള നീക്കമാണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. ഹൈക്കോടതി നിർദേശ പ്രകാരം 2012- 13 കാലയളവുകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർക്കാണ് ഇതിനുള്ള അർഹതയെന്ന് വ്യക്തമാക്കിയാണ് കെ.എസ്.ആർ.ടി.സി അപേക്ഷ ക്ഷണിച്ചത്. എന്നാൽ തൊടുപുഴയിൽ നടന്ന ടെസ്റ്റിൽ പങ്കെടുക്കാൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കൊപ്പം താത്കാലിക ജീവനക്കാരായി ജോലി ചെയ്തവരും പുതിയ ഉദ്യോഗാർത്ഥികളുമെത്തിയത് പ്രതിഷേധത്തിനിടയാക്കി. അനധികൃത നിയമനം നടത്താനുള്ള നീക്കമെന്നാണ് റാങ്ക് ഹോൾഡേഴ്‌സിന്റെ ആരോപണം. 2012ൽ 2455 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത കെ.എസ്.ആർ.ടി.സി 2016 ന് ശേഷം ഒരൊഴിവും റിപ്പോർട്ട് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ശബരിമല ഡ്യൂട്ടിക്ക് 1500 പേർ അധികമായി വേണ്ടിവരുമെന്നാണ് വിവരം. റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞാൽ നിയയമ നടപടികൾ സ്വീകരിക്കാനാണ് റാങ്ക് ഹോൾഡേഴ്‌സിന്റെ തീരുമാനം. ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശമാണ് നടപ്പാക്കിയതെന്ന് ഡി.ടി.ഒയും വ്യക്തമാക്കി.