nadakam
ഗോത്ര കവിതകളുടെ നാടകാവിഷ്‌കാരത്തിൽ നിന്ന്‌

കട്ടപ്പന : ഗോത്ര വർഗ കവിതകളുടെ നാടകീയാവിഷ്‌കരണം നടത്തി നെടുംകണ്ടം ബിഎഡ് കോളേജ് വിദ്യാർത്ഥികൾ ശ്രദ്ധ നേടി. നെടുംകണ്ടം ബി എഡ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നാടകക്കളരിയിലാണ് അശോകൻ മറയൂരിന്റെ കവിതകളുടെ ഗോത്ര നാടകാവിഷ്‌കരണം നടന്നത്. നാടകക്കളരിയുടെ അവസാന ദിനത്തിൽ അതിന്റെ ആദ്യ പ്രദർശനവും നടത്തി. ചടങ്ങിന്റെ മുഖ്യാതിഥിയും ഉദ്ഘാടകനുമായ കവി അശോകൻ മറയൂരിന്റെ കവിതകളിൽ നിന്ന് തിരഞ്ഞെടുത്ത പച്ചവീട്, പുടവ എന്നീ നാടകങ്ങളും അവതരിപ്പിച്ചു.
മുതുവാൻ ഗോത്ര വർഗത്തിന്റെ ജീവിതരീതികളെയും സാംസ്‌കാരത്തെയും കുറിച്ചാണ് കവിതകൾ പ്രതിപാദിക്കുന്നത് . എഴുതാൻ ലിപിപോലും ഇല്ലാത്ത മുതുവാൻ ഗോത്ര വർഗഭാഷ ഉപയോഗിച്ച് ഒരു പുസ്തകവും ഇദ്ദേഹം പ്രസിദ്ധിക്കരിച്ചിട്ടുണ്ട്. കാടിന്റെ ഉള്ളറിഞ്ഞ ആദിവാസി സമൂഹത്തിന്റെ ജീവിതപരിസ്ഥിതികൾ,പരാധീനതകൾ, അവർ കാത്തു സൂക്ഷിക്കുന്ന ജൈവികപ്രകൃതി എന്നിവയാണ് അദ്ദേഹത്തിന്റെ കവിതകളുടെ ഉള്ളടക്കം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും നാടകത്തിൽ പ്രതിപാദിക്കുന്നു. കവിയും ചരിത്രകാരനുമായ കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂരും പ്രമുഖ നാടകകാരനും നടനുമായ പാർത്ഥസാരഥിയുടെയും നേതൃത്വത്തിലാണ് നാടകവർക്ക്‌ഷോപ്പ് നടന്നത്. സമാപന യോഗത്തിൽ നാടക കളരിക്ക് നേതൃത്വം നൽകിയ നാടകാചാര്യൻ എ പാർത്ഥസാരഥിയെ കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ പൊന്നാട അണിയിച്ച് ആദരിച്ചു.