sathram
ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘം സത്രം എയർസ്ട്രിപ്പിന്റെ റൺവേയുടെ തകർച്ചയുടെ കാരണങ്ങൾ പരിശോധിക്കുന്നു

കുമളി: ജൂലായിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ റൺവേ തകർന്നതിന് കാരണം നിർമ്മാണത്തിലെ പിഴവ് തന്നെയെന്ന് കണ്ടെത്തൽ. ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘത്തിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. നിർമ്മാണത്തിൽ അപാകതയുണ്ടായതിനാൽ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

നിലവിലെ സ്ഥിതിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മണ്ണിന്റെ ഘടന വിശദമായി പരിശോധിച്ച ശേഷം കയർ ഭൂ വസ്ത്രം വിരിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നും സംഘം നിർദ്ദേശം നൽകി. ഇടുക്കിയിൽ പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് എയർസ്ട്രിപ്പ് ഉപയോഗിക്കാനുള്ള ശുപാർശയും സംഘം നൽകും. കഴിഞ്ഞ ജൂലായ് 17നാണ് 150 അടയോളം താഴ്ചയിൽ എയർസ്ട്രിപ്പിലെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ ഒലിച്ചുപോയത്. ഏകദേശം 200 മീറ്ററോളം നീളത്തിൽ റൺവേയുടെ ഒരു ഭാഗം വീണ്ട് കീറി. ഇതിന്റെ കാരണം കണ്ടെത്തുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ജി.എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സത്രത്തിലെത്തിയത്.

പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്നതിന് റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമാണം ആരംഭിച്ചത്. റൺവേയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി ഏപ്രിലിലും ജൂൺ മാസവുമായി രണ്ടു തവണ പരീക്ഷണ പറക്കൽ നടത്തിയെങ്കിലും വിമാനം ഇറക്കാൻ സാധിച്ചിരുന്നില്ല. അന്ന് കഠിനമായ മൂടൽ മഞ്ഞും റൺവേയിലെ ചെറുകുന്നുമാണ് പരീക്ഷണ പറക്കലിന് തടസമായി നിന്നത്. അന്ന് ഈ ചെറുകുന്ന് ഇടിച്ച് നിരപ്പാക്കണമെന്ന് എൻ.സി.സി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ കുന്നിടിച്ച് നിരത്താനായിട്ടില്ല. സത്രത്തിലേക്കുള്ള റോഡ് ടാർ ചെയ്യുന്നതിനായി എൻ.സി.സി പൊതുമരാമത്ത് വകുപ്പിന് പണം കൈമാറിയിരുന്നു. എന്നാൽ ഇതുവരെ ടെൻഡർ പോലും ചെയ്തിട്ടില്ല. രണ്ടര കിലോമീറ്ററോളം റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്.

നിർമ്മാണത്തിലെ

പിഴവ് ഇങ്ങനെ

മണ്ണിടിഞ്ഞതിന് മറു വശത്തെ മൊട്ടക്കുന്നിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ റൺവേയ്ക്കടിയിലൂടെ രണ്ടു പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് നീളവും വണ്ണവുമില്ലാത്ത പൈപ്പാണ് സ്ഥാപിച്ചിരുന്നത്. അതുമൂലം ശക്തമായ മഴയിൽ റൺവേയിലെത്തുന്ന വെള്ളത്തിന് പുറത്ത് പോകാനിടമില്ലാതെ റൺവേയുടെ മുകളിലൂടെ വെള്ളമൊഴുകിയതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നിഗമനം.

അഭിമാനമാകേണ്ട

പദ്ധതി

ഇടുക്കിയിൽ ആദ്യമായി വിമാനമിറങ്ങുന്നത് മാത്രമല്ല സത്രം എയർസ്ട്രിപ്പിന്റെ പ്രാധാന്യം. എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ എയർഫോഴ്‌സ് വിമാനങ്ങൾക്കും വലിയ ഹെലികോപ്ടറുകൾക്കും അടിയന്തരസാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ എട്ട് കിലോ മീറ്റർ മാത്രം അകലെയുള്ള ശബരിമലയിലേക്ക് വരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ ഉപകാരമാകും. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനാകും. 20 ഏക്കർ കൂടി ഏറ്റെടുത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സംവിധാനമൊരുക്കാൻ സർക്കാർ ആലോചിച്ചിരുന്നു.