തൊടുപുഴ : മുനിസിപ്പാലിറ്റിയിൽ നിന്നും പൊതുജനങ്ങൾക്കായി ലഭിക്കുന്ന സേവനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ യൂസർ ഫീ രസീത് വേണം എന്നത് പ്രതിഷേധാർഹമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ.
നഗരമാലിന്യ നിർമാർജനം നഗരസഭയുടെ ഉത്തരവാദിത്തമാണെന്നിരിക്കെ സർട്ടിഫിക്കറ്റ് ആവശ്യത്തിന് എത്തുന്ന ജനങ്ങളെ ഹരിതകർമ്മസേനയുടെ യൂസർ ഫീ അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് കൊടുക്കുകയുള്ളുവെന്നും രസീത് ഇല്ലാത്തവരോട് ഒരു വർഷത്തെ യൂസർ ഫീ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
സേവനകാര്യങ്ങളിൽപ്പെട്ട സർട്ടിഫിക്കറ്റ് പോലുള്ള കാര്യങ്ങൾ സേവനാവകാശ നിയമത്തിന്റെ പരിധിയിലാണെന്നും അതിനെ മറ്റൊരു കാര്യം പറഞ്ഞ് വച്ച് താമസിപ്പിക്കുന്നത് നിയമപരമല്ലയെന്നും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ എന്നിവർ പറഞ്ഞു.ഇത്തരം നടപടികൾ പുനപരിശോധിച്ച് മുനിസിപ്പാലിറ്റി ജനപക്ഷത്തു നിൽക്കണമെന്ന് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.കെ. എച്ച് കനി,ജോസ് ആലപ്പാട്ട്എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, ബെന്നി ഇല്ലിമ്മൂട്ടിൽ, ഇ. എ അഭിലാഷ് സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.