തൊടുപുഴ: 1964ലെയും 1993ലെയും ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നിലപാട് അറിയിക്കാൻ സുപ്രീംകോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാത്തത് ഇക്കാര്യത്തിൽ സർക്കാരിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നതാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഈ വിഷയത്തിൽ കൊമ്പ് കോർത്ത് നിൽക്കുകയാണ്. ഇടതുമുന്നണിയിലെ ഇടുക്കിയിലെ എം.എൽ.എമാർ ഇക്കാര്യത്തിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള അടവുനയമാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ ഒരു പൊതു നയം സ്വീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ഇപ്പോൾ വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രി ജില്ലയിൽ എത്തി വാക്കാൽ നൽകിയ നിർദ്ദേശത്തിന് ഘടകവിരുദ്ധമായി റവന്യൂ മന്ത്രി മറ്റൊരു ഉത്തരവ് ഇറക്കി. ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ നടപടി ക്രമങ്ങളുടെ കാലതാമസം മാത്രമേ ഉള്ളൂവെന്ന് ജില്ലയിൽ നിന്നുള്ള മന്ത്രിയും ഇടതു എം.എൽ.എമാരും പ്രസ്താവന ഇറക്കുന്നത് ജനവഞ്ചന മാത്രമാണ്. സർക്കാരിനും ഇടതുമുന്നണിക്കും ഇക്കാര്യത്തിൽ പൊതുനയം ഉണ്ടെങ്കിൽ അത് സുപ്രീംകോടതിയെ അറിയിക്കുന്നതിന് എന്ത് തടസമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.