saneesh
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് അന്തിമോപചാരം അർപ്പിക്കുന്നു

തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ജോമോൻ വി. സേവ്യറിന് ജന്മനാടും മാദ്ധ്യമ- സാമൂഹികമേഖലയിലെ പ്രവർത്തകരും വിടചൊല്ലി. കരിമണ്ണൂർ പഞ്ചായത്തിലെ കുറുമ്പാലമറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. നാട്ടുകാരുമായും സഹപ്രവർത്തകരുമായും ആഴമേറിയ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും സ്വവസതിയിലേക്ക് വെള്ളിയാഴ്ച വൈകിട്ട് മുതൽ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തിയിരുന്നു. ജോമോന്റെ നിര്യാണത്തിൽ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അനുശോചിച്ചു. നിരവധി വിഷയങ്ങൾ സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പരിശ്രമിച്ച മാദ്ധ്യമ പ്രവർത്തകനായിരുന്നു ജോമോനെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വാഴൂർ സോമൻ, സെക്രട്ടറി പി. മുത്തുപാണ്ടി, ട്രഷറർ പി.പി. ജോയി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോമോന്റെ നിര്യാണത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, സെക്രട്ടറി വി.ആർ. ബീനമോൾ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനിൽ എന്നിവരും അനുശോചനം അറിയിച്ചു.