ഇടുക്കി : തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്കുതല ആരോഗ്യമേളകളുടെ അവാർഡ് വിതരണം 21 ന് ഇടുക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ ആശാധാര ലബോറട്ടറി ഉദ്ഘാടന വേദിയിൽ ആരോഗ്യ, വനിതശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ മേളകൾ സംഘടിപ്പിച്ചിരുന്നു. മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്തുകൾക്കാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും രണ്ടാം സ്ഥാനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും മൂന്നാം സ്ഥാനം അഴുത ബ്ലോക്ക് പഞ്ചായത്തും നേടി. മികച്ച റാലിക്ക് ദേവികുളം ബ്ലോക്ക് പഞ്ചായത്തും, മികച്ച സ്റ്റാൾ ക്രമീകരണത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്തും മികച്ച വേദി/ കലാപരിപാടികൾ എന്നിവയിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും മികച്ച സെമിനാറുകൾ/ പൊതുജന പങ്കാളിത്തം എന്നിവയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ഒന്നാം സ്ഥാനം നേടി.