 
ബൈസൺവാലി: 13 ഇനം നിത്യോപയോഗ സാധനങ്ങൾ കേരളത്തിൽ ഇപ്പോഴും സപ്ലൈകോ വിൽക്കുന്നത് 2016ലെ വിലയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ. ബൈസൺവാലിയിലെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തിയത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധന സർക്കാർ ഏറ്റെടുക്കുന്നതുകൊണ്ടാണ് അന്നത്തെ വിലയിൽ തന്നെ ഇന്നും വിൽക്കാനാവുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല. ആന്ധ്രയിൽ പോലും അരി കഴിഞ്ഞാൽ തുവരപ്പരിപ്പ് മാത്രമാണ് സബ്‌സിഡി നിരക്കിൽ വിൽക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാർക്കറ്റിലെ വില വർദ്ധന ജനങ്ങളെ ബാധിക്കാതിരിക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ 2000 കോടി രൂപയാണ് വകയിരുത്തിയത്. മാർക്കറ്റിൽ 39 രൂപയുള്ള മട്ടയരി 24 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത്രയും വിലക്കുറവിൽ സർക്കാർ വിൽക്കുമ്പോൾ സ്വാഭാവികമായും കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങുകയും ഉടനെ സ്റ്റോക്ക് തീരുകയും ചെയ്യും. എന്നാൽ സ്റ്റോക്കിൽ കുറവുണ്ടാകുന്നത് മാത്രമാണ് വാർത്തയാകുന്നത്. 35 ലക്ഷം ഉപഭോക്താക്കൾ സംസ്ഥാനത്ത് ഒരു മാസം സബ്‌സിഡി ഉത്പന്നങ്ങൾ വാങ്ങുന്നുണ്ട്. സബ്‌സിഡിയില്ലാത്ത മറ്റ് ഉത്പന്നങ്ങൾ വാങ്ങിയതിന്റെ കണക്കും പരിശോധിച്ചാൽ 50 ലക്ഷത്തിലധികം ആളുകളാണ് സപ്ലൈകോയിൽ നിന്നും മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത്. ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളേക്കാൾ വിലക്കുറവിൽ ഇവിടെ ഉത്പന്നങ്ങൾ വിൽക്കുന്നത് ആ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എ. രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി സൂപ്പർ മാർക്കറ്റിലെ ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, സപ്ലൈകോ കോട്ടയം റീജിയണൽ മാനേജർ എം. സുൽഫിക്കർ തുടങ്ങിയവർ പങ്കെടുത്തു.