മറയൂർ: മറയൂർ ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി വളർത്തുനായയെ കടിച്ചു കൊന്നു. മറയൂർ മുരുകൻമല പുതുക്കാട് കോളനിയിലാണ് കഴിഞ്ഞ ദിവസം രാത്രി പുലിയിറങ്ങിയത്. മുരുകൻ മലയിൽ താമസം മോഹൻ ദേവരാജിന്റെ വളർത്തു നായയെയാണ് രാത്രി ഇറങ്ങിയ പുലി കടിച്ചു കൊന്നത്. നിരവധി വീടുകളുള്ള പ്രദേശത്ത് പുലിയിറങ്ങിയത് പ്രദേശ വാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. പരിസരവാസികൾ വനം വകുപ്പ് ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും വിവരം അറിയിച്ചു. വനപാലകരെത്തി പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർച്ചായി സമീപ ദിവസങ്ങളിൽ വീടുകൾക്ക് സമീപം തീയിട്ട് പുകയ്ക്കാൻ നിർദ്ദേശം നൽകി. കാട്ടാനയ്ക്ക് പുറമേ പുലിയുടെ സാന്നിധ്യം കൂടി ആയതോടെ പുതുക്കാട് കോളനി ഭാഗത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി വാച്ചർമാരെ രാത്രികാലങ്ങളിൽ നിയമിക്കണമെന്ന് സംഭവ സ്ഥലത്ത് എത്തിയ വനപാലകരോടും ഗ്രാമപഞ്ചായത്ത് ഭരണസമിതിയോടും നാട്ടുകാർ ആവശ്യപ്പെട്ടു.