മറയൂർ: മറയൂരിൽ വനപാലകർക്ക് നേരെയുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കാന്തല്ലൂർ റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. ജോൺസണാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് ആനക്കാൽപ്പെട്ടി ചിന്നവരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനായി പത്ത് പേരടങ്ങുന്ന വനപാലക സംഘമെത്തിയത്. കാട്ടുപോത്തിനെ വനമേഖലയിലേക്ക് കടത്തിവിടാൻ ശ്രമിക്കുന്നതിനിടെയാണ് കാട്ടുപോത്ത് വനപാലകർക്ക് നേരെ തിരിഞ്ഞത്. ചിന്നവര സ്വദേശികളായ തങ്കം, കൃഷ്ണൻകുട്ടി എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങി കാട്ടുപോത്ത് കൃഷി നശിപ്പിക്കുന്നതായി പരാതിപ്പെട്ടതിനെ തുടർന്നാണ് കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ എത്തിയത്. എന്നാൽ കൃഷിയിടത്തിൽ നിന്ന കാട്ടുപോത്ത് പെട്ടെന്ന് വനപാലകർക്ക് നേരെ തിരിയുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടുപോത്ത് പിന്നിലൂടെ ഓടിയെത്തി കുത്തി വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ശബ്ദം ഉണ്ടാക്കിയപ്പോൾ കാട്ടുപോത്ത് പിന്തിരിഞ്ഞു പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ പരിക്കേറ്റ ജോൺസണെ സഹായഗിരി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലത്തേക്ക് കൊണ്ടുപോയി. ജോൺസന്റെ വലതുകൈയ്ക്ക് 22 തുന്നലുകളും തലക്ക് അഞ്ച് തുന്നലുകളുമുണ്ട്. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ മറയൂർ മേഖലാ സെക്രട്ടറിയാണ് ജോൺസൺ.