തൊടുപുഴ: കാസ്‌ക് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, മർച്ചന്റ് അസോസിയേഷൻ, നഗരസഭ എന്നിവയുമായി ചേർന്ന് കാരിക്കോട് കാസ്‌ക് ഗാലറി സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെന്റ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മുതൽ 26 വരെയാണ് ടൂർണമെന്റ്. ഒൻപത് മണിയോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. യു.എന്നിന്റെ ആഭിമുഖ്യത്തിൽ റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമദിനത്തോടനുബന്ധിച്ചാണ് ടൂർണമെന്റ് നടത്തുന്നത്. സംഘാടക സമതി ചെയർമാൻ കെ.ബി. ഹാരിസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ചികിത്സാ സഹായം വിതരണം ചെയ്യും. ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ എന്നിവർ പ്രസംഗിക്കും. ചെന്നൈ ഇന്ത്യൻ ബാങ്ക്, കുമ്മംകല്ല് സിറ്റിബോയ്‌സ്, സ്റ്റാർ വെങ്ങല്ലൂർ, ജി.എസ്.ടി ചെന്നൈ, കെ.എസ്.ഇ.ബി തിരുവനന്തപുരം, കേരള പൊലീസ്, ബി.പി.സി.എൽ കൊച്ചിൻ, കേരള കാർസ് തൊടുപുഴ എന്നീ ടീമുകൾ മാറ്റുരയ്ക്കും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി ജാഫർഖാൻ, കൺവീനർ സി.ഐ ഷെമീർ, ജോയിന്റ് കൺവീനർ കെ.എം ഷംസുദ്ധീൻ എന്നിവർ പങ്കെടുത്തു.