തൊടുപുഴ: മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ദൃശ്യം സിനിമ ചിത്രീകരിച്ച വഴിത്തലയിലെ വീട്ടിൽ ഇനിമുതൽ ലോകം മുഴുവൻ കാണുന്ന ഒരു മനോഹര ദൃശ്യമുണ്ടാകും. അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ കൈ കൊണ്ട് വരച്ച പടുകൂറ്റൻ കട്ടൗട്ട്. വഴിത്തലയിൽ ദൃശ്യം വീടിന്റെ പറമ്പിലാണ് 70 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചത്. കൈകൊണ്ട് വരച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മെസി കട്ടൗട്ട് ആണിതെന്ന് സംഘാടകർ അവകാശപ്പെട്ടു. ബ്ലോഗർ ജോമി വഴിത്തലക്കാരനാണ് കൂറ്റൻ കട്ടൗട്ടിന്റെ ആശയത്തിന് പിന്നിൽ. മാറിക പുത്തൻപള്ളി അർജന്റീന ഫാൻസിന്റെ നേതൃത്വത്തിൽ വഴിത്തലയിലെ ഫുട്ബോൾ പ്രേമികൾ ഇതിനായി ഒന്നര ലക്ഷം രൂപയോളം സമാഹാരിച്ചു. ചിത്രകാരൻമാരും സഹോദരൻമാരുമായ രാജി മയൂരയും രാജേഷ് മയൂരയും പണമൊന്നും വാങ്ങാതെ ജീവൻ തുടിക്കുന്ന ചിത്രം മൂന്ന് ദിവസം കൊണ്ട് വരച്ചു. പ്ലൈവുഡിൽ തുണി ഒട്ടിച്ച് ആറ് ഭാഗങ്ങളായാണ് ചിത്രം വരച്ചത്. അത് ശനിയാഴ്ച വൈകീട്ട് പറമ്പിലെ ആഞ്ഞിലിയോട് ചേർന്ന് നിർമ്മിച്ച ചട്ടത്തിൽ സ്ഥാപിച്ചു. നാസിക് ഡോളിന്റെ മേളത്തിന്റെ അകമ്പടിയോടെയാണ് ആരാധകർ ആഘോഷപൂർവമാണ് കട്ടൗട്ട് കൊണ്ടുവന്നത്. ബ്രസീൽ, പോർച്ചുഗൽ ഫാൻസ് സ്വീകരിക്കാനുമുണ്ടായിരുന്നു. ബ്രസീൽ ആരാധകരായ അരുണും ജോൺസണും ടിജോയും കട്ടൗട്ട് കെട്ടാൻ കൂടിയതും ഫുട്ബോൾ പോലെ മനോഹര കാഴ്ചയായി.