തൊടുപുഴ: കാണാതായ അമ്മയെ നാല് പതിറ്റാണ്ടിന് ശേഷം കണ്ടുമുട്ടിയതിന്റെ വികാരനിർഭരമായ രംഗങ്ങൾക്കാണ് ഇന്നലെ തൊടുപുഴ നഗരസഭയുടെ വൃദ്ധ വികലാംഗ സദനം സാക്ഷിയായത്. തഞ്ചാവൂർ കുംഭകോണം സ്വദേശിനി മാരിയമ്മയെ 40 വർഷങ്ങൾക്ക് മുമ്പാണ് തമിഴ്‌നാട്ടിൽ നിന്ന് കാണാതാകുന്നത്. അന്ന് മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലടക്കം മക്കളും ബന്ധുക്കളും അന്വേഷണം നടത്തുന്നതാണ്. എന്നാൽ അവർക്ക് അമ്മയെ കണ്ടെത്താനായില്ല. ഇതിനിടെ മൂന്ന് വർഷം മുമ്പാണ് കരിമണ്ണൂരിൽ നിന്ന് അവശനിലയിൽ മാരിയമ്മയെ കണ്ടെത്തുന്നത്. തുടർന്ന് കരിമണ്ണൂർ പൊലീസ് ഇവരെ കേരള സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള തൊടുപുഴ നഗരസഭ വൃദ്ധ വികലാംഗ സദനത്തിൽ എത്തിച്ചു. ഇവിടെയെത്തിയ ശേഷം ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോകണമെന്ന് വിഷമത്തോടെ മാരിയമ്മ പറയുമായിരുന്നു. തുടർന്ന് സാമൂഹ്യ നീതി വകുപ്പിന്റെ പ്രത്യാശ പദ്ധതി കോർഡിനേറ്റർ മുതലക്കോടത്ത് വൃദ്ധസദനത്തിലെത്തി കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയശേഷം തഞ്ചാവൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. ആദ്യഘട്ടങ്ങളിൽ പരാജയപ്പെട്ടെങ്കിലും നിരന്തരമായ അന്വേഷണത്തിന്റെ ഫലമായി മാരിയമ്മയുടെ ബന്ധുക്കളെ കണ്ടെത്തി. വിവരമറിയിച്ചതനുസരിച്ച് തൊടുപുഴയിലെത്തിയ ബന്ധുക്കളെ മാരിയമ്മ തിരിച്ചറിഞ്ഞു. അഞ്ചു മക്കളാണ് മാരിയമ്മയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ മരണപ്പെട്ടു. മക്കളും പേരകുട്ടിയും അനിയത്തിയുമാണ് അമ്മയെ കൂട്ടി കൊണ്ടുപോകുന്നതിനു വേണ്ടി എത്തിയത്. ഇത്രയും വർഷങ്ങൾക്ക് മുമ്പ് കാണാതായ മാരിയമ്മയെ സ്വദേശത്തേക്ക് മക്കൾക്കൊപ്പം തിരിച്ചയക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വൃദ്ധ സദനത്തിന്റെ സൂപ്രണ്ടന്റ് സെബാസ്റ്റ്യൻ പറഞ്ഞു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മാരിയമ്മയും മക്കളും തുടർ നടപടികൾ സ്വീകരിച്ചത്. ഇങ്ങനെയൊരു അപൂർവ്വ സംഗമത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡിവൈ.എസ്.പി എം.ആർ. മധു ബാബു, എസ്.ഐ. കൃഷ്ണൻ നായർ എന്നിവർ പറഞ്ഞു.