തൊടുപുഴ: നഗരസഭയുടെ കോതായിക്കുന്നിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ

ശുചിമുറി മാലിന്യം ഒഴുകുന്നു. ഇതിൽ ചവിട്ടി വേണം സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ബസിൽ കയറാൻ. യാത്രക്കാരും ബസ് ജീവനക്കാരും മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. ബസ് സ്റ്റാൻഡിന് സമീപത്തുള്ള കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള അഴുക്ക് വെള്ളമാണ് നിരന്തരമൊഴുകുന്നത്. യാത്രക്കാരെ കയറ്റാനായി ബസ് പാർക്ക് ചെയ്യുന്ന ഭാഗത്തൂടെയാണ് അഴുക്ക് വെള്ളം വ്യാപകമായി ഒഴുകുന്നത്. കോൺക്രീറ്റിന് അടിയിൽ നിന്നുള്ള ഉറവ പോലെയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ചിലപ്പോൾ ദുർഗന്ധത്തോടെയുള്ള ചാര നിറത്തിലുള്ള വെള്ളമാണ് ഒഴുകുന്നതെന്ന് സമീപത്തെ കച്ചവടക്കാരും സ്ഥിരം യാത്രക്കാരും പറയുന്നു. നിലത്ത് വ്യാപകമായി കെട്ടി കിടക്കുന്ന വെള്ളത്തിൽ നിന്ന് കൊതുകും കൂത്താടിയും പാറി പറന്ന് സമീപത്തുള്ള കച്ചവട സ്ഥാപനത്തിലേക്കാണ് എത്തുന്നതും. ദിവസവും നൂറുകണക്കിന് സർവീസുകളിലായി ആയിരങ്ങളെത്തുന്ന സ്റ്റാൻഡിലാണ് ഈ അവസ്ഥ. ഇത് സംബന്ധിച്ച് പ്രദേശത്തെ കച്ചവടക്കാർ പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമുണ്ടായില്ല. സ്റ്റാൻഡിൽ നിത്യവും എത്തുന്ന ആയിരക്കണക്കിന് യാത്രക്കാർ, ബസ് ജീവനക്കാർ, ഇവിടെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാനങ്ങൾ എന്നിവരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.