തൊടുപുഴ: യുവമോർച്ച മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി തൊടുപുഴ മണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് ഗാന്ധി സ്‌ക്വയറിൽ പാലത്തിൽ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് എൻ. ഹരി മുഖ്യ പ്രഭാഷണം നടത്തി. ലാത്തി കൊണ്ട് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി സുരേഷ് പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സാനു, പി.എ. വേലുകുട്ടൻ, പി.ആർ. വിനോദ്, ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. രതീഷ്, ജില്ലാ ഭാരവാഹികളായ കെ.ആർ. സുനിൽകുമാർ, ശശി ചാലക്കൽ, സൗമ്യ പി.വി, കെ.പി. രാജേന്ദ്രൻ മോർച്ച ജില്ലാ പ്രസിഡന്റുമാരായ വിഷ്ണു കൃഷ്ണൻ പ്രബീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് മണ്ഡലം ഭാരവാഹികളായ അജിമോൻ, സഹജൻ, ജീന അനിൽ, സോമശേഖരൻ, ഗോപാലകൃഷ്ണൻ, ബിന്ദു സാനു അനൂപ് പാങ്കാവിൽ,പ്രിയ സുനിൽ മോർച്ച നേതാക്കളായ ഗോകുൽ ഗോപിനാഥ്, വിഷ്ണു കൊച്ചുപറമ്പൻ, ജെയ്‌സ്, അജിത്ത് ഇടവെട്ടി, ശ്രീരാജ് കെ.ആർ, വിശാഖ് ബേബി, ഹരീഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പരിക്കേറ്റ പ്രവർത്തകരെ സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, മേഖല പ്രസി. എൻ. ഹരി തുടങ്ങിയവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.

നഗരത്തിൽ കുരുക്ക്

ബി.ജെ.പി മാർച്ചിനെ തുടർന്ന് പൊലീസ് തൊടുപുഴ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത് നഗരത്തെ മണിക്കൂറുകളോളം കുരുക്കിലാക്കി. രാവിലെ 11.30 മുതൽ ഒരു മണി വരെ നഗരം കുരുക്കിലകപ്പെട്ടു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും മങ്ങാട്ടുകവല ഭാഗത്ത് നിന്നും നഗരത്തിലെത്തിയ വാഹനങ്ങൾ ജിനദേവൻ റോഡ് വഴിയും കാഞ്ഞിരമറ്റം ബൈപ്പാസ് വഴിയും പോകേണ്ടി വന്നു. പാലാ ഭാഗത്ത് നിന്ന് വന്ന വാഹനങ്ങൾ കോതായിക്കുന്ന് ബൈപ്പാസ് വഴി തിരിഞ്ഞു പോയി. ഇതോടെ ഈ വഴിയിൽ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു.