ഇടവെട്ടി: നടയം ഭാഗത്ത് സ്വകാര്യ വ്യക്തി തടഞ്ഞ് വച്ച കുളവും വഴിയും തൊടുപുഴ തഹസിൽദാർ എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി എസ്.സി വിഭാഗങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം കുടുംബങ്ങൾക്ക് തുറന്ന് നൽകി. 65 വർഷമായി പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുളമാണ് പട്ടയഭൂമിയാണെന്ന പേരിൽ സ്വകാര്യ വ്യക്തി വഴിയടച്ച് നിഷേധിച്ചത്. ഇതിനെതിരെ സമീപവാസികളും, കെ.പി.എംഎസും മുഖ്യമന്ത്രി, കളക്ടർ, ആർ.ഡി.ഒ, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ നാല് വർഷം മുമ്പ് പട്ടയം ലഭിക്കാൻ സ്വകാര്യ വ്യക്തി നൽകിയ വിവരങ്ങളും നടപടികളും തെറ്റാണെന്ന് കണ്ടെത്തി. തഹസിൽദാർ, വില്ലേജ് ആഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടയം റദ്ദ് ചെയ്യാൻ ഇടുക്കി ആർ.ഡി.ഒ ഉത്തരവിട്ടു തുടർന്ന് തൊടുപുഴ തഹസിൽദാർ പട്ടയം റദ്ദ് ചെയ്തു. തൊടുപുഴ എസ്.എച്ച്.ഒ വിഷ്ണു കുമാർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികൾക്ക് സ്വകാര്യ വ്യക്തി കുടിവെള്ളം നിഷേധിച്ചിരിക്കുകയാണെന്നും ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടെന്നും ബോധ്യപ്പെട്ടു. കോടതിയിൽ കേസുണ്ടെങ്കിൽ പോലും കുടിവെള്ളം നിഷേധിക്കാൻ കഴിയില്ലെന്നും ഉടൻ കുളവും വഴിയും തുറന്ന് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷനും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. തുടർന്ന് തൊടുപുഴ ശനിയാഴ്ച ഉച്ചകഴിഞ്ഞ് തഹസിൽദാർ എം. അനിൽകുമാർ, കാരിക്കോട് വില്ലേജ് ആഫീസർ ശ്രീകാന്ത്, തൊടുപുഴ പ്രിൻസിപ്പൽ എസ്‌.ഐ നൗഷാദ് ടി.ടി, എസ്.ഐ ഹരികുമാർ പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വഴിയും കുളവും പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.