kpn

കട്ടപ്പന: കൊവിഡ് പ്രതിസന്ധിയിൽ രണ്ട് വർഷമായി മുടങ്ങിപ്പോയ ജില്ലാ സ്കൂൾ കായികമേള വിദ്യാർത്ഥികളുടെ നിറഞ്ഞ പ്രാതിനിഥ്യത്തോടെ നാളെ നടക്കും. പത്തൊമ്പതാമത് റവന്യൂജില്ലാ സ്‌കൂൾ കായിമേളയ്ക്ക് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കം പൂർത്തിയായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായിക മാമാങ്കം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഉടുമ്പൻചോല എംഎൽഎ എം എം മണി അദ്ധ്യക്ഷത വഹിക്കും.

മേളയിൽ ഏഴു ഉപജില്ലകളിൽ നിന്നായി 2200ൽ പരം കായിക പ്രതിഭകൾ മാറ്റുരയ്ക്കും.

നാളെ 28 ഇനങ്ങളിലായി 500ലധികം കായിക താരങ്ങളും 23ന് 68 ഇനങ്ങളിൽ 1200 താരങ്ങളും സമാപന ദിനമായ 24 ന് 56 ഇനങ്ങളിലായി 500 ഓളം താരങ്ങളും മേളയിൽ മാറ്റുരക്കും.ആദ്യ ദിനം കായിക താരങ്ങളുടെ മാർച്ച് ഫാസ്റ്റും ദീപ ശിഖ പ്രയാണത്തോടെയുമാണ് മേളയിലെ മത്സരങ്ങൾ തുടങ്ങുന്നത്.
കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ ചെയർമാനായും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ബിന്ദു ജനറൽ കൺവീനറായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.എ ഇ ഒ ടോമി ഫിലിപ്പ്, ജിമ്മി ജേക്കബ്, സുരേഷ് ബാബു, ജയിമോൻ ജെ ജോർജ്, തോമസ് ജോസ്, ബിജിമോൻ ജോസഫ്, ആനന്ദ് കൊട്ടിരി, അമ്പിളി ജി., ഗബ്രിയേൽ. പി. എ എന്നിവർ മേളക്ക് നേതൃത്വം നൽകും

കായിക മേളയുടെ ആദ്യ ദിനമായ നാളെ ത്രോ ഇനങ്ങളും 3000മീറ്റർ ഓട്ട മത്സരവും നടക്കും. ജാവലിൻ, ഡിസ്‌കസ്, ഷോട്ട് പുട്ട് ഇനങ്ങൾ പ്രധാന ഗ്രൗണ്ടിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് നടക്കും.

താമസ, ഭക്ഷണ സൗകര്യം.
ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്കും ഒഫീഷ്യലുകൾക്കും താമസ, ഭക്ഷണ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതായി എ ഇ ഒ ടോമി ഫിലിപ്പ് പറഞ്ഞു. സെന്റ്. ജോർജ് സ്‌കൂളിനോട് അനുബന്ധിച്ചുള്ള കെട്ടിടങ്ങളിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.

കായികമേള ഗ്രൗണ്ടിൽ എത്താൻ.

തൊടുപുഴ, ഇടുക്കി ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇടുക്കി കവല ഫെഡറൽ ബാങ്ക് ബൈപാസ്സ് വഴി സ്‌കൂളിൽ എത്താം. കുമളി, നെടുംകണ്ടം ഭാഗത്തു നിന്നുള്ളവർ പാറക്കടവ് ബൈ പാസ്സ് കൂടി കുന്തളംപാറ കവലയിൽ എത്തണം. പീരുമേട്, ഏലപ്പാറ മേഖല യിൽ നിന്നുള്ളവർക്ക് ഇരുപതേക്കർ സെന്റ്. ജോൺസ് റൂട്ടിൽ കൂടി എത്താം. അടിമാലി, മൂന്നാർ മേഖലയിൽ നിന്നുള്ളവർ കട്ടപ്പന പഴയ ബസ്റ്റാന്റ്, എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി ഇവിടെ എത്താം