പീരുമേട് കൊട്ടാരക്കര- ദിണ്ടിക്കൽ ദേശീയ പാതയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ വാഹന യാത്രികരെ അപകടത്തിൽപ്പെടുത്തുന്നു. പീരുമേട്, കുട്ടിക്കാനം, പാമ്പനാർ, പള്ളിക്കുന്ന്, മുറിഞ്ഞപുഴ പ്രദേശങ്ങളിൽ റോഡുകൾ കന്നുകാലികൾ പകലും രാത്രിയിലും കൈവശപ്പെടുത്തുകയാണ്. ഇതുമൂലം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വരുത്തുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇവിടെ ഇതിനോടകം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കന്നുകാലികൾക്കും ഗുരുതരമായി പരിക്കേൽക്കുന്നതും നിത്യ സംഭവമാണ് . വണ്ടിപെരിയാർപഞ്ചായത്തിൽ പെരിയാർ ടൗൺ, മഞ്ചു മല, വാളാടി, തുടങ്ങിയ സ്ഥലങ്ങളില്യം രാത്രിയും പകലും ഒരുപോലെ കന്നുകാലിക്കൂട്ടങ്ങൾ റോഡ് കൈവശപ്പെടുത്തുന്നതോടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.ശബരിമല തീർത്ഥാടന കാലത്ത് അന്യസംസ്ഥാനത്തുന്നിന്നുള്ള അയ്യപ്പൻമാർ ഏറെ വന്നുപോകുമ്പോൾ കന്നുകാലികൾ വലിയ ഗതാഗതപ്രശ്നമാണ് ഉണ്ടാക്കുന്നത്. ശനിയാഴ്ച്ച രാത്രി 7 മണിക്ക് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂളിന് സമീപത്തുവച്ച് ഓട്ടോറിക്ഷയ്ക്ക് മുൻപിലേക്ക് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശു ചാടി അപകടം സംഭവിച്ചു. ഓട്ടോ ഡ്രൈവർ രമേശ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന ശബരിമല മണ്ഡല കാല സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന യോഗത്തിൽ ഈ പ്രശ്‌നം ചർച്ച ചെയ്യുകയു, ബന്ധപ്പെട്ട പഞ്ചായത്തുകൾ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.

പിടിച്ച്കെട്ടുമെന്നത്

പ്രഖ്യാപനത്തിൽമാത്രം

അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമയിൽ നിന്നും പിഴ ഈടാക്കുമെന്ന ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോഴും അപകടങ്ങൾ തുടരുകയാണ്. ശബരിമല മണ്ഡലകാലമാരംഭിച്ചിട്ടും നടപടിയില്ലാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാവുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമകളിൽ നിന്നും പിഴ ഈടാക്കുമെന്ന് മുൻപ് ഗ്രാമ പഞ്ചായത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നതാണ് എന്നാൽ ഇതിന് നാളിതുവരെയായിട്ടും നടപടി ഉണ്ടായിട്ടില്ല.