കട്ടപ്പന :നഗരസഭ ഭരണസമിതി പച്ചക്കളം പ്രചരിപ്പിച്ച് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി.
സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വൈകിപ്പിക്കുന്ന നടപടിയാണ് നടക്കുന്നത്.. ഇടുക്കി ജലാശയത്തിൽ നിന്നും വെള്ളമെത്തിച്ച് ശുദ്ധീകരിച്ച് നഗരസഭയിലെ മുഴുവൻ കുടുംബങ്ങളിലും വിതരണം ചെയ്യാനുള്ള പദ്ധതി, രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുൻകൈയെടുത്ത് ആവിഷ്‌കരിച്ചതാണ്. പദ്ധതി പൂർണതോതിൽ നടപ്പാകുന്നതോടെ കുടിവെള്ള പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടും. എന്നാൽ നടപടിക്രമങ്ങൾ വൈകിപ്പിച്ച് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്
കുടിവെള്ള പ്രശ്‌നം ചർച്ച ചെയ്യാനായി കൗൺസിൽ യോഗം വിളിക്കണമെന്ന എൽഡിഎഫ് കൗൺസിലർമാരുടെ കത്ത് പരിഗണിച്ചില്ല. മൂന്നു മാസത്തിലധികമായി ചർച്ച ചെയ്യപ്പെടുന്ന പദ്ധതിക്കായി നഗരസഭ അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ട് സമയബന്ധിതമായി വാങ്ങാൻ കഴിവില്ലാത്ത ഭരണസമിതിയാണെന്നു തെളിയിക്കുന്നതാണ് ചെയർപേഴ്‌സന്റെയും വൈസ് ചെയർമാന്റെയും കഴിഞ്ഞ ദിവസത്തെ വാദങ്ങളെന്നും ഇവർ ആരോപിച്ചു. ഭരണസമിതിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് നേരിടാനാണ് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ തീരുമാനമെന്ന് വി ആർ സജി, വി ആർ ശശി, അഡ്വ മനോജ് എം തോമസ്, എം സി ബിജു, ഷാജി കൂത്തോടി, കെ പി സുമോദ്, രാജൻകുട്ടി മുതുകുളം, കെ എൻ കുമാരൻ എന്നിവർ പറഞ്ഞു.