മുട്ടം: ഓടയോട് ചേർന്ന് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ.മുട്ടം ടൗണിന് സമീപം ഓടയോട് ചേർന്ന് നിരവധി സ്ഥലത്താണ് റോഡ് ഇടിഞ്ഞിരിക്കുന്നത്.മുട്ടം- ഈരാറ്റ്‌പേട്ട റോഡിൽ ടാക്‌സി സ്റ്റാന്റിന് സമീപം,മുട്ടം മൂലമറ്റം റൂട്ടിൽ മൂലമറ്റം ബസ്റ്റോപ്പിന് സമീപം എന്നിവിടങ്ങളിൽ ഓടയോട് ചേർന്നുള്ള റോഡ് വ്യാപകമായി ഇടിഞ്ഞു.നിത്യവും അനേകം വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലാണ് അപകടാവസ്ഥ.മഴ ശക്തമാകുമ്പോൾ റോഡിന്റെ അരിക് കൂടുതൽ ഇടിയുന്നുമുണ്ട്.റോഡിന്റെ വശങ്ങളിലുള്ള വെള്ള വരക്കിപ്പുറത്തേക്കും റോഡ് ഇടിഞ്ഞിട്ടുണ്ട്.നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുമുണ്ട്.വെള്ള വര കാണാൻ കഴിയാത്ത വിധം റോഡിലേക്ക് പുല്ല് വളർന്നതിനാൽ കാൽനട യാത്രക്കാർക്കും ഏറേ പ്രശ്‌നമാണ്.അപകടാവസ്ഥ സംബന്ധിച്ച് പ്രദേശവാസികൾ നിരവധി പ്രാവശ്യം അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികളാകുന്നില്ല.മൂലമറ്റം റൂട്ടിൽ അപകട സ്ഥലത്തിന് സമീപം കാർ ഓടയിൽ വീണപ്പോൾ ജില്ലയിലെ പൊതു മരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് പ്രദേശത്തെ അപകടാവസ്ഥ പരിഹരിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തുടർ നടപടികളുണ്ടായില്ല.