തൊടുപുഴ: ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂർ പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെട്ട നെല്ലിമലയിലെ ഫാമിലും വണ്ണപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിലുൾപ്പെടുന്ന പട്ടയക്കുടിയിലെ ഫാമിലുമാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രണ്ടു ഫാമുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ ഫാമുകളിലെയും പന്നികളെ ദയാവധത്തിനു വിധേയമാക്കും. നടപടികളുടെ ഭാഗമായി പത്തോളം ഫാമുകളിൽ നിന്നുള്ള നൂറു പന്നികളെ ദയാവധം നടത്തും.. ഇതിനായി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, തദ്ദേശ സ്ഥാപന അധികൃതർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ് കരിമണ്ണൂർ,ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലായി 262 പന്നികളെ കൊന്നിരുന്നു. എട്ട് കർഷകരുടെ ഫാമുകളിലെ പന്നികളെയാണ് ദയാവധത്തിനു വിധേയമാക്കിയത്. രണ്ടു ദിവസം നീണ്ടു നിന്ന നടപടികളിലൂടെയാണ് ഇത്രയും പന്നികളെ കൊന്ന് സുരക്ഷാമുൻകരുതലുകൾ പൂർത്തിയാക്കി മറവു ചെയ്തത്.
കഴിഞ്ഞ ദിവസം വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളിലായി 20ഓളം പന്നികൾ കൂടി ചത്തതോടെയാണ് ഇവയുടെ രക്ത സാമ്പിളുകൾ ബംഗളുരുവിലെ സതേൺ റീജണൽ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലേക്ക് അയച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് പന്നികളെ ദയാവധത്തിനു വിധേയമാക്കാൻ തീരുമാനിച്ചത്. കരിമണ്ണൂർ, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ഒൻപത് വാർഡുകൾ രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.