kpn
സെന്റ്. ജോർജ് സ്‌കൂൾ ഗ്രൗണ്ടിന് മുൻപിൽ കായിക മേള കമാനത്തിന്റെ അവസാന മിനുക്കു പണിയിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ

കട്ടപ്പന :റവന്യൂ ജില്ലാ കായിക മേളയ്ക്ക് ഇന്ന് കട്ടപ്പന സെന്റ്. ജോർജ് ഗ്രൗണ്ടിൽ കൊടിയേറും.സ്വീകരണ കവാടത്തിലെ കമാനത്തിന്റെയും ട്രാക്കിന്റെയുമെല്ലാം മിനുക്കു പണികൾ പൂർത്തിയായി. രാവിലെ 10ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. ഘോഷയാത്രക്ക് ശേഷം ആദ്യ ഇനമായ 3000മീറ്റർ ഓട്ട മത്സരം നടത്തും. തുടർന്ന് ത്രോ ഇനങ്ങളായ ജാവലിൻ, ഡിസ്‌കസ്, ഷോട്ട് പുട്ട്, ഹാമർമത്സരങ്ങളും പോൾ വാൾട്ട് മത്സരവും നടക്കും. ഇതിനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി. മുനിസിപ്പൽ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെയർമാനായും വിദ്യാഭ്യാസ ഉപഡയറക്ടർ ബിന്ദു .കെ ജനറൽ കൺവീനറായും കമ്മിറ്റി യാണ് ക്രമീകരണങ്ങൾ നടത്തുന്നത്. മേളയിൽഎട്ട് ഉപജില്ലകളിൽ നിന്നായി 2200ൽ പരം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. മാർച്ച് പാസ്റ്റ്, ദീപശിഖ പ്രയാണം എന്നിവയും മേളയോടനുബന്ധിച്ച് നടത്തും.നാളെ രാവിലെ 10ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.