കുമളി: കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന ക്വാർട്ടേഴ്‌സിന്റെ തറകല്ലിടൽ മന്ത്രി വീണ ജോർജ് നിർവഹിച്ചു. കുമളി കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അദ്ധ്യക്ഷനായി. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നാലരക്കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ തറകല്ലിടൽ നടന്നത്. മറ്റു വിദൂര സ്ഥലങ്ങളിൽ നിന്നും കുമളിയിൽ ജോലിക്ക് എത്തുന്ന ആരോഗ്യപ്രവർത്തകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടുകൂടി ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി, ജില്ലാ മെഡിക്കൽ ഓഫീസർ മീരാ ജോർജ്, കെ എം സിദ്ദിഖ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.