obit-thelvar

രാജാക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. പൂപ്പാറയ്ക്ക് സമീപം തലക്കുളം സ്വദേശി സ്വാമി വേൽതേവർ 68 എന്ന കർഷകനാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്വാമി വേൽതേവരും ഭാര്യ പാർവ്വതിയും ഇവരുടെ ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യാൻ പോകുന്ന വഴിക്കാണ് ആനയുടെ ആക്രമണത്തിൽപ്പെട്ടത്. തലക്കുളം 12 ഏക്കറിന് സമീപത്ത് വെച്ച് സാമി വേലിലെ തുമ്പിക്കൈ കൊണ്ട് അടിക്കുകയും നിലത്തുവീണ സ്വാമി വേലിലെ ചവിട്ടു കയുമാണുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും കാട്ടാനയെ വനത്തിലേക്ക് തുരത്തു കയാണുണ്ടായത്. സ്വാമി വേൽതേ വർ കാട്ടാനയുടെ ആക്രമണത്തിൽ തൽക്ഷണം മരിച്ചിരുന്നു. രോഷാകുലരായ നാട്ടുകാർ മൃതദേഹവുമായി കൊച്ചി ധനുഷ്‌കോടി ദേശീയ പാത ഉപരോധിക്കുന്ന പ്രക്ഷോഭത്തിലേക്ക് നീങ്ങുകയുമാണ് ചെയ്തത്. ഇതിനെ തുടർന്ന് ഡി.എഫ്.ഒ.യുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പൊലീസും സ്ഥലത്തെത്തി പ്രശ്‌ന പരിഹാരം തേടുകയാണുണ്ടായത്. അനുരഞ്ജന ചർച്ചയിൽ അൻപതിനായിരം രൂപ രൊക്കം നഷ്ടപരിഹാരം കൊടുക്കാമെന്നുള്ള ദേവി കുളം ഡി.എഫ്.ഒ യുടെയും നാലര ലക്ഷം രൂപ സർക്കാർ തലത്തിൽ കൊടുക്കാമെന്ന് ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റേയും ഉറപ്പ് ലഭിച്ചതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് ശാന്തൻപാറ പൊലീസ്അറിയിച്ചു.. ഭാര്യ :പാർവ്വതി. മക്കൾ :ലക്ഷ്മി, സുമതി, പോതു മണി, ചിത്ര, വാസന്തി.