തൊടുപുഴ: നെല്ലാപ്പാറക്ക് സമീപം ഓട്ടത്തിനിടെ കാർ കത്തി നശിച്ചു. രണ്ട് യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. പാലായിൽ നിന്ന് തൊടുപുഴയിലേക്ക് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. അപകട ശേഷം കാറിൽ നിന്ന് പുക ഉയരുന്നുവെന്ന് നാട്ടുകാർ തൊടുപുഴ ഫയർ ഫോഴ്‌സിൽ അറിയിച്ചു. ഇവർ സംഭവ സ്ഥത്തേക്ക് തിരിച്ചെങ്കിലും എത്തുന്നതിന് മുൻപ് തീ പിടിച്ചു. ഫയർഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചിരുന്നു. രാമപുരത്ത് നിന്ന് പൊലീസ് എത്തി യാത്രക്കാരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.