വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിൽ വിമാനക്കുന്നിന് സമീപത്തുള്ള അത്തിക്കയം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.അമ്പലക്കവലയിൽ നിന്ന് 200 മീറ്റർ ദൂരത്തിൽ വിമാനക്കുന്നിന് താഴ് ഭാഗത്താണ് അത്തിക്കയം.ഏതാനും വർഷങ്ങൾക്ക് മുൻപ് ഏറെ ആഴത്തിലുള്ള കയമായിരുന്നു ഇത്. ഉരുൾപൊട്ടലും ശക്തമായ മഴയും മറ്റും കാരണങ്ങളാൽ മണ്ണ് വന്നടിഞ്ഞ് ക്രമേണ കയം നികന്നു.വേനലായാൽ അടിത്തട്ട് കാണാവുന്ന അവസ്ഥയാണിപ്പോൾ.മണ്ണ് നീക്കം ചെയ്തും നവീകരണ പ്രവർത്തികൾ നടത്തിയും ഇത് സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.കൂടുതൽ മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കിയാൽ സാഹസിക മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്താനും സാധിക്കും.

ചരിത്രത്തിന്റെ ഭാഗം

​​​​​തൊടുപുഴ വടക്കുംകൂർ രാജാവും തിരുമലനായ്ക്കനും തമ്മിലുള്ള കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന രാജപാത കയത്തിന് സമീപത്തൂടെയാണ് കടന്ന് പോയിരുന്നതെന്ന് പ്രദേശത്തെ പഴമക്കാർ പറയുന്നു.ഈ കയത്തിൽ നിന്നാണ് യാത്രക്കാർ കുടിവെള്ളം ശേഖരിച്ചിരുന്നത്.കച്ചവട സംഘം വിശ്രമിക്കുന്നതും കുതിരകൾക്ക് വെള്ളം കൊടുത്തിരുന്നതും ഇവിടെ നിന്നായിരുന്നു.എന്നാൽ ബ്രിട്ടീഷുകാർ എത്തിയോടെ ഇതിന് മാറ്റം വന്നു. കുറ്റവാളികളായി തടവിൽ കഴിയുന്നവർ മരണപ്പെട്ടാൽ അവരുടെ മൃതദേഹം കയത്തിൽ കെട്ടിത്താഴ്ത്താൻ തുടങ്ങി. ബ്രിട്ടീഷുകാരുടെ തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർ വസൂരി ബാധിച്ച് മരിച്ചാൽ അവരുടെ മൃതദേഹവും ഇവിടെ താഴ്ത്തും.ഇതോടെ അസ്ഥികൾ ഉറങ്ങുന്ന കയം അസ്ഥിക്കയമായെന്നും പിന്നീട് ഇത് അത്തിക്കയം എന്ന പേരിൽ അറിയപ്പെട്ടു എന്നും പഴമക്കാർ പറയുന്നു.

"സംസ്ഥാന സർക്കാരിന്റെ ജൈവവൈവിധ്യ ബോർഡ്,ഹരിത കേരള മിഷൻ എന്നിങ്ങനെ പദ്ധതികളിൽ ഉൾപ്പെടുത്തി കയം നവീകരിച്ച് സംരക്ഷിക്കാൻ പ്രോജക്ട് തയ്യാറാക്കും.ഇതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ യോഗം ഉടൻ വിളിക്കും" ഇന്ദു ബിജു, പ്രസിഡന്റ്, വെള്ളിയാമറ്റം പഞ്ചായത്ത്‌