 
ഇടുക്കി :മെഡിക്കൽ കോളേജിന്റെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റേയും നേതൃത്വത്തിൽ അക്കാദമിക് ബ്ലോക്കിൽ ആശുപത്രി വികസന സൊസൈറ്റി യോഗം ചേർന്നു.
വിവിധ തസ്തികകളിലെ ഒഴിവ് നികത്താൻ കോൺട്രാക്ട് രീതിയിൽ ആളുകളെ നിയമിക്കാൻ വയനാട് മെഡിക്കൽ കോളേജിൽ ചെയ്ത പോലെ ഇടുക്കിയിലും നടപ്പിലാക്കാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എൻ. എം. സിയുടെ അടുത്ത പരിശോധന ഫെബ്രുവരി, മാർച്ച് മാസത്തിൽ ഉണ്ടാകും. അതിന് മുൻപ് രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 3.5 കോടി രൂപയുടെ പദ്ധതി രൂപരേഖ സർക്കാരിന് സമർപ്പിച്ചിട്ടുള്ളതിൽ സമയബന്ധിതമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി. വി. വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജി. സത്യൻ, സർക്കാർ നോമിനി ഷിജോ തടത്തിൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഡി മീന, എച്ച്. ഡി.സി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.