തൊടുപുഴ: ടി.എസ് എലിയറ്റിന്റെ വിഖ്യാതമായ 'ദി വെയ്‌സ്റ്റ് ലാൻഡ്' എന്ന കാവ്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ഏകദിന സിമ്പോസിയം വെള്ളിയാഴ്ച നടക്കും. 1922-ൽ പ്രസിദ്ധീകൃതമായ ഈ കൃതി ലോകസാഹിത്യത്തിൽ ആധുനികതയുടെ അരങ്ങേറ്റമായാണ് അറിയപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യുറോപ്യൻ നാഗരികതക്ക് സംഭവിച്ച ആത്മീയവും സാംസ്‌കാരികവുമായ ജീർണതകളും പ്രതിസന്ധകളുമാണ് ഈ കാവ്യേതിഹാസത്തിന്റെ പ്രമേയം.സിമ്പോസിയത്തിൽ ചലച്ചിത്രകാരനും സാഹിത്യ വിമർശകനുമായ ബി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന ഉച്ചകഴിഞ്ഞ് 2 മണിക്ക് രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വെയ്‌സ്റ്റ് ലാൻഡ് അടിസ്ഥാനമാക്കിയുള്ള നാടകം അവതരിപ്പിക്കും. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ ഡോ. ജോർജ് സെബാസ്റ്റ്യനാണ് ഈ കാവ്യനാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.