 പരിശോധനാ ഫലം ഇന്ന് വന്നേക്കും

തൊടുപുഴ: ആഫ്രിക്കൻ പന്നിപ്പനി ജില്ലയിലെ കൂടുതൽ പഞ്ചായത്തുകളിലേക്ക് പടരുന്നതായി സംശയം. പെരുവന്താനം,​ കൊന്നത്തടി,​ വണ്ടന്മേട്,​ വാഴത്തോപ്പ്,​ കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ നൂറോളം പന്നികൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തതാണ് സംശയത്തിന് കാരണം. പെരുവന്താനം പഞ്ചായത്തിൽ നൂറിന് മുകളിൽ പന്നികളുള്ള ഫാമിലെ ഇരുപതോളം എണ്ണമാണ് ചത്തത്. വണ്ടന്മേട് പഞ്ചായത്തിൽ ഇരുന്നൂറിനടുത്ത് പന്നികളുള്ള ഫാമിലെ അമ്പതോളം എണ്ണവും ചത്തു. കൊന്നത്തടി പഞ്ചായത്തിൽ എഴ് പന്നികളുള്ള ഫാമിലെ ഏഴെണ്ണവും ചത്തു. കഞ്ഞിക്കുഴി പഞ്ചായത്തിൽ രണ്ട് ഫാമുകളിലായി രണ്ട് വീതം നാല് പന്നികളാണ് ചത്തത്. രോഗം സ്ഥിരീകരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഈ ഫാമുകളിലെ ചത്തപന്നികളുടെ രക്ത സാമ്പിളുകൾ ബംഗ്ലൂരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്നോ നാളെയോ ഫലം വരുമെന്നാണ് കരുതുന്നത്. രോഗം സ്ഥിരീകരിച്ചാൽ ഈ മേഖലകളിലെ ഒരു കിലോ മീറ്റർ ചുറ്റളവിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരും. ഈ മാസം തന്നെ രണ്ട് തവണകളായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച അഞ്ച് പഞ്ചായത്തുകളിലെ 350 ഓളം പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.

പന്നികൾ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പ് നൽകുന്ന നിർദ്ദേശം.


വാക്സിനില്ല,​

ശ്രദ്ധയാണ്

പ്രതിരോധം

ആഫ്രിക്കൻ പന്നിപ്പനിക്ക് ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പ് നിലവിലില്ലാത്തതിനാൽ കർഷകർ അതീവ ശ്രദ്ധ പുലർത്തണം. പന്നികൾക്ക് തീറ്റയായി നൽകുന്ന ഹോട്ടൽ- ഇറച്ചി മാലിന്യം, പന്നികളെയെത്തിക്കുന്ന വാഹനങ്ങൾ, പുതുതായി കൊണ്ടുവരുന്ന പന്നികൾ, ബാഹ്യപരാദ ജീവികളായ പട്ടുണ്ണികൾ, രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് ഫാം സന്ദർശിക്കുന്നവരുടെ വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയൊക്കെ രോഗവ്യാപനത്തിന് കാരണമാകും. അതിനാൽ മാലിന്യങ്ങൾ പന്നികൾക്ക് ആഹാരമായി നൽകാതിരിക്കുകയോ നന്നായി വേവിച്ചതിനുശേഷം മാത്രം നൽകുകയോ ചെയ്യണം. വാഹനങ്ങളുടെ ടയറുകൾ, ഫാം സന്ദർശിക്കുന്നവരുടെ ചെരിപ്പുകൾ മുതലായ എല്ലാ വസ്തുക്കളും അണു നശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. പുതുതായി കൊണ്ടുവരുന്ന പന്നികളെ 19 ദിവസമെങ്കിലും നിരീക്ഷിച്ച ശേഷം മാത്രം ഫാമിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുക.