തൊടുപുഴ: വണ്ണപ്പുറത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്നുളള പതിറ്റാണ്ടുകളായുളള ആവശ്യത്തിന് നേരെ അധികൃതർ മുഖം തിരിക്കുന്നു.ഇവിടെ ഫയർസ്റ്റേഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും സ്ഥലം ലഭിക്കാത്തതിനാൽ ഫയർസ്റ്റഷൻ എന്നത് വണ്ണപ്പുറം കാരുടെ സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്.വണ്ണപ്പുറത്തും സമീപ പ്രദേശങ്ങളിലും അപകടങ്ങളുണ്ടാകുമ്പോൾ തൊടുപുഴയിൽ നിന്നാണ് ഇപ്പോഴും ഫയർഫോഴ്‌സ് സംഘമെത്തുന്നത്. സംസ്ഥാനത്ത് 31 ഫയർസ്റ്റേഷനുകൾ അനുവദിച്ചതിനൊപ്പമാണ് വണ്ണപ്പുറത്തും അനുവദിച്ചത്.അപകടങ്ങൾ സംഭവിച്ചാൽ വണ്ണപ്പുറത്തിന് പുറമെ സമീപ പഞ്ചായത്തുകളായ കോടിക്കുളം,ഉടുമ്പന്നൂർ,കരിമണ്ണൂർ,കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് വേഗത്തിൽ ഫയർഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാൻ സാധിക്കും.
വർഷങ്ങൾക്ക് മുൻപ് വണ്ണപ്പുറത്തിനടുത്ത് അന്യസംസ്ഥാന തൊഴിലാളിയടക്കം രണ്ട് പേർ കിണറ്റിൽ വീണ സമയത്ത് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താത്തതിനാൽ ഇവരുടെ ജകവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തിന് ശേഷമാണ് പ്രദേശത്ത് ഫയ‍ർ‍സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നത്. പിന്നീട് വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ അപകടങ്ങൾ തുടർക്കഥയായപ്പോൾ നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറി.സംസ്ഥാന പാതയിൽ വലിയ വളവുകളും കൊക്കയുമുള്ള വണ്ണപ്പുറം മുതൽ വെൺമണി വരെയുള്ള റോഡ് അപകട മേഖലയാണ്.തൊമ്മൻകുത്ത് ഉൾപ്പെടെയുള്ള വലിയ വെള്ളചാട്ടങ്ങളുമായി ബന്ധപ്പെട്ടും അപകടങ്ങൾ ഉണ്ടാകുന്നതു പതിവാണ്.വേനൽക്കാലത്ത് കാട്ടുതീയും മഴക്കാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയുമാണിത്.

രക്ഷാ പ്രവർത്തനത്തിന് തടസ്സം

ഫയർ സ്റ്റേഷൻ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനങ്ങൾ വൈകുന്നത് അപകടങ്ങളുടെ തീവ്രത കൂട്ടുന്നു. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഇരുപതിലേറെ കിലോമീറ്റർ ദൂരെ തൊടുപുഴയിൽ നിന്നോ എറണാകുളം ജില്ലയിലെ കല്ലൂർക്കാട് നിന്നോ വേണം ഫയർഫോഴ്‌സ് സംഘം എത്താൻ.തൊമ്മൻകുത്തിനു പുറമെ ഒട്ടേറെ സഞ്ചാരികളെത്തുന്ന,ആനയാടിക്കുത്ത്,മീനുളിയാൻപാറ,നാക്കയംകുത്ത്,കാറ്റാടിക്കടവ്,കോട്ടപ്പാറ തുടങ്ങിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇവിടെയുണ്ട്.പഞ്ചായത്ത് ഭരണസമിതികൾ വണ്ണപ്പുറത്ത് ഫയർസ്റ്റേഷനായി ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.ഇതോടൊപ്പം വകുപ്പും വണ്ണപ്പുറത്ത് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.ഇതേ തുടർന്നാണ് വണ്ണപ്പുറത്ത് ഫയർ സ്റ്റേഷൻ അനുവദിച്ചത്. പ്രാദേശിക ഭരണകൂടമാണ് സ്റ്റേഷൻ ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത്.ഇവിടെ സഹകരണ ബാങ്കിന്റെ വക സ്ഥലം കണ്ടെത്തി പഞ്ചായത്ത് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നു.എന്നാൽ ഇവിടെ കെട്ടിടവും മറ്റുമുണ്ടെങ്കിലും അനുബന്ധ സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ സ്‌റ്റേഷൻ പ്രവർത്തന സജ്ജമായില്ല.പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തു നൽകിയാൽ അഗ്‌നി രക്ഷാവകുപ്പ് കെട്ടിടം നിർമ്മിക്കാൻ തയ്യാറാണ്.എന്നാൽ ഇതിനും നടപടിയായിട്ടില്ല.ഇക്കാര്യത്തിൽ ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.