കട്ടപ്പന: ജഗൻ എൻ.സജീവനും സിയോന മരിയ ഷിജുവുമാണ് ഈ വർഷത്തെ കായികമേളയിലെ വേഗമേറിയ താരങ്ങൾ. മേളയിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഓട്ടമത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 11.44 സെക്കൻഡിലാണ് എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ് സ്‌കൂളിലെ ജഗൻ ഒന്നാമതെത്തി വേഗരാജാവായത്. പെൺകുട്ടികളിൽ സീനിയർ താരത്തേക്കാൾ കുറഞ്ഞ സമയത്തിൽ ഒന്നാമതെത്തിയാണ് ജൂനിയർ വിഭാഗത്തിലെ സിയോന മരിയ ഷിജു വേഗറാണിയായത്. മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സിയോന 13.44 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. പെരുവന്താനം ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമിയിലെ സന്തോഷ് ജോർജിന്റെയും ബിനോഫ സനീഷിന്റെയും പരിശീലനമാണ് സിയോനയെ മികച്ച ഓട്ടക്കാരിയാക്കിയത്. ഈ വർഷത്തെ സംസ്ഥാന അമച്വർ മീറ്റിലും ഈ മിടുക്കി മികച്ച പ്രകടനം നടത്തിയിരുന്നു. മുണ്ടക്കയം ബോയ്‌സ് എസ്റ്റേറ്റിൽ പുളിനിൽക്കുന്നതിൽ ഷിജു മാത്യുവിന്റെയും സൗമ്യയുടെയും മകളാണ്. സ്‌നേഹ മരിയ സഹോദരിയാണ്. പ്ലസ്ടു സയൻസ് വിദ്യാർത്ഥിയായ ജഗൻ പത്താം ക്ലാസ് വരെ കൊല്ലം സായിയിൽ നിന്ന് ലഭിച്ച പരിശീലന മികവുമായാണ് ഓടിത്തിളങ്ങിയത്. എൻ.ആർ സിറ്റി സ്‌കൂളിലെ അദ്ധ്യാപകനായ സുനിൽ കുമാറാണ് ജഗന് പരിശീലനം നൽകുന്നത്. പഠനത്തിലും ജഗൻ മുൻപന്തിയിൽ തന്നെയുണ്ടെന്ന് അദ്ധ്യാപകർ സാക്ഷ്യപെടുത്തുന്നു. ഇന്ന് നടക്കുന്ന 200 മീറ്ററിലും ജാവലിൻ ത്രോയിലും ജഗൽ സ്വർണത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. എൻ.ആർ സിറ്റി സ്വദേശികളായ എം.കെ. സജീവന്റെയും ഷൈല മണിയുടെയും മകനാണ്. ശിൽപ സഹോദരിയാണ്.
100 മീറ്റർ മറ്റ് വിജയികൾ
സീനിയർ പെൺ ബെൽസി മാത്യു (ഇരട്ടയാർ എസ്.ജി.എച്ച്.എസ്.എസ്)
ജൂനിയർ ആൺ സുബിൻ ജോഷി (ജി.വി.എച്ച്.എസ്.എസ്, വാഴത്തോപ്പ് )
സബ് ജൂനിയർ ആൺ എബിൻ ജിനു (പാറത്തോട് സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്)
സബ് ജൂനിയർ പെൺ അപർണ രാജേഷ് (എസ്.ജി.എച്ച്.എസ്.എസ്, കട്ടപ്പന)