കട്ടപ്പന: റവന്യൂ ജില്ലാ കായികമേളയെ ആവേശ കടലിലാഴ്ത്തിയ വേഗത്തിന്റെ ദിനമായിരുന്നു ഇന്നലെ. പുതിയ വേഗതാരങ്ങളുദിച്ച 100 മീറ്റർ ഓട്ടവും 4 x 100 റിലേയുമാണ് ട്രാക്കിൽ ആരവങ്ങളുയർത്തിയത്.
കായിക മേള രണ്ടാം ദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ 171 പോയിന്റോടെ കട്ടപ്പന ഉപജില്ല മുന്നിലെത്തി. 146 പോയിന്റോടെ അടിമാലിയാണ് രണ്ടാം സ്ഥാനത്ത്. 60 പോയിന്റ് നേടിയ പീരുമേട് മൂന്നാം സ്ഥാനത്തുണ്ട്. കട്ടപ്പന ഉപജില്ല 17 സ്വർണവും 21 വെള്ളിയും 23 വെങ്കലവും നേടി. അടിമാലിയ്ക്ക് 18 സ്വർണവും 15 വെള്ളിയും 11 വെങ്കലവും ലഭിച്ചു. പീരുമേട് ഉപജില്ല എട്ട് സ്വർണവും വെള്ളിയും വെങ്കലവും അഞ്ച് വീതവും നേടി.
സ്കൂൾ വിഭാഗത്തിൽ 10 സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടി 65 പോയിന്റോടെ എസ്.എൻ.എച്ച്.എസ്.എസ് എൻ.ആർ സിറ്റി പടയോട്ടം തുടരുകയാണ്. 55 പോയിന്റ് നേടിയ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരട്ടയാർ 6 സ്വർണവും 5 വെള്ളിയും 10 വെങ്കലവും നേടി രണ്ടാം സ്ഥാനത്തുണ്ട്. 39 പോയിന്റ് നേടിയ കാൽവരിമൗണ്ട് ഹൈസ്കൂൾ 5 സ്വർണവും 4 വെള്ളിയും 2 വെങ്കലവും നേടി മൂന്നാം സ്ഥാനത്തുണ്ട്.