ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിനോടനുബന്ധിച്ച് 26, 27, ഡിസംബർ 3, 4 തീയതികളിൽ താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും സവിശേഷ ദുർബല ഗോത്രവിഭാഗങ്ങൾ ഉള്ള സ്ഥലങ്ങളിൽ ബൂത്ത് തലത്തിലും ഇലക്ഷൻ വിഭാഗം സ്‌പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കും.17 വയസ്സ് പൂർത്തിയായ എല്ലാവർക്കും മുൻകൂറായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടർമാർക്ക് വോട്ടർ പട്ടിക പരിശോധിച്ച് അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനും പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ക്യാമ്പുകളിൽ സൗകര്യം ഉണ്ടായിരിക്കും. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനും ക്യാമ്പിൽ സൗകര്യം ലഭിക്കും. വോട്ടർ പട്ടിക സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനും വോട്ടർ പട്ടികയിലെ തെറ്റ് തിരുത്താനും ക്യാമ്പുകളിൽ ബൂത്ത് ലെവൽ ഏജന്റുമാരുടെ (ബി.എൽ.എ) സേവനവും ഉണ്ടായിരിക്കും. എല്ലാ വോട്ടർമാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.