# ബെസ്റ്റ് അത്ലറ്റായി ആന്റോ
കട്ടപ്പന: ഓട്ട മത്സരത്തിനിടെ ചവിട്ടേറ്റ് കാലിൽ നിന്ന് സ്‌പൈക്ക് ഊരി തെറിച്ചിട്ടും പിന്മാറാതെ ആന്റോ ഓടി നേടിയത് പത്തര മാറ്റ് സ്വർണ്ണം. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ട മത്സരത്തിനിടെയാണ് മറ്റൊരു മത്സരാർത്ഥിയുടെ അബദ്ധത്തിലുള്ള ചവിട്ടേറ്റ് ആന്റോ ആന്റണിയുടെ ഇടതുകാലിലെ സ്പൈക്ക് ഊരി പോയത്. ചവിട്ടു കൊണ്ട് കാലിൽ മുറിവുമേറ്റു. എന്നാൽ വേദന കടിച്ചമർത്തി ഒറ്റകാലിലെ സ്പൈക്കുമായി കുതിച്ച ആന്റോ മറ്റുള്ളവരെയെല്ലാം പിന്തള്ളി ഒന്നാമതായി തന്നെ ഫിനിഷ് ചെയ്തു. 400 മീറ്ററിലും 110 മീറ്റർ ഹർഡിൽസിലും കൂടി ഒന്നാമതെത്തിയതോടെ ബെസ്റ്റ് അത്ലറ്റുമായി ആന്റോ. പെരുവന്താനം ഹൈറേഞ്ച് സ്പോർട്സ് അക്കാഡമിയിലെ സന്തോഷിന്റെയും ബിനോഫയുടെയും ചിട്ടയായ പരിശീലനമാണ് ആന്റോയെ പ്രതിസന്ധികളിലും വിജയിക്കാനുള്ള കരുത്ത് നൽകിയത്. പെരുവന്താനം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. 400 മീറ്റർ ഹർഡിൽസിലെ ഏഷ്യൻ മെഡൽ ജേതാവ് ജോസഫ് ജി. എബ്രഹാമിന്റെ ബന്ധു കൂടിയാണ് ആന്റോ. പാഞ്ചാലിമേട് പാലൂർക്കാവ് റോജി ആന്റണിയുടെയും ജോളി റോജിയുടെയും മകനാണ്. അനീറ്റയാണ് സഹോദരി.