കട്ടപ്പന: കായിക മേളയുടെ അച്ചടക്കത്തോടെയുള്ള നടത്തിപ്പിൽ അനൗൺസ്‌മെന്റിലൂടെ മികവ് തെളിയിക്കുന്ന കായികാദ്ധ്യാപകൻ താരമായി. കല്ലാർ ജി.എച്ച്.എച്ച്.എസിലെ റെയ്‌സൺ പി ജോസഫാണ് മേളയിൽ നെടുനായകത്വം വഹിച്ചത്. ഒരേ സമയം വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ഇദ്ദേഹത്തിന്റെ അനൗൺസ്‌മെന്റ് താളത്തിനൊപ്പമാണ് മുന്നേറുന്നത്. 1991 മുതൽ മേളയുടെ സ്ഥിരസാന്നിദ്ധ്യമാണ് റെയ്‌സൺ . നെടുങ്കണ്ടം, മൂന്നാർ ജി.വി.എച്ച്.എസ്.എസുകളിൽ ദീർഘ കാലം സേവനമനുഷ്ഠിച്ച ഇദ്ദേഹം 13 ഇനങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. സംസ്ഥന സ്‌കൂൾ ഗെയിംസിൽ പെൺകുട്ടികളുടെ ഫുട്‌ബോൾ മത്സരത്തിൽ റണ്ണർ അപ്പായത് ഇദ്ദേഹം പരിശീലനം നൽകിയ ടീമാണ്. ഇതുകൂടാതെ വിദ്യാർത്ഥികൾക്ക് ചെസ്സ്, ക്യാരംസ്, ജൂഡോ, യോഗ എന്നിവയിലും പരിശീലനം നൽകുന്നു. ജൂനിയർ റെഡ് ക്രോസ്സ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കൺവീനർകൂടിയാണ്. മുനിയറ, നന്നങ്ങാടി തുടങ്ങിയ മഹാശിലാ യുഗ സംസ്‌കാരത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണിപ്പോൾ.