കട്ടപ്പന :കഴിഞ്ഞ ദിവസം വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കാണപ്പെട്ട നാരകക്കാനം കുമ്പിടിയാമ്മാക്കൽ ചിന്നമ്മ ആന്റണിയുടെ(62) മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. വീടിനുള്ളിൽ നിന്നും രക്തത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹതയുള്ളതായി പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് സൂപ്രണ്ട് വി.യു കുര്യാക്കോസ് സംഭവസ്ഥലം സന്ദർശിച്ചു.മുറികളിൽ പലയിടങ്ങളിലും രക്തകറകൾ കണ്ടെത്തിയതും തീ പടർന്ന് വീടിനോ വസ്തുവകകൾക്കോ നാശം സംഭവിക്കാത്തതും ആണ് സംശയത്തിന് ഇടയാക്കിയത്. ആസൂത്രിതമായ കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സംഭവത്തിൽ സംശയാസ്പദമായ നിരവധി സാഹചര്യങ്ങൾ ഉണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയു എന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കും.ചിന്നമ്മയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ സംഭവസ്ഥലത്ത് തന്നെ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി.
ആദ്യം കരുതിയത്
അപകടമരണമെന്ന്
നാരകക്കാനം കുമ്പിടിയാങ്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മയുടെ മൃതദേഹമാണ് ബുധനാഴ്ച്ച വൈകുന്നേരം അഞ്ചോടെ അടുക്കളയോട് ചേർന്ന് കണ്ടെത്തിയത്. മകൻ ബിനോയിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം. പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്നുണ്ടായ അപകടമാകാമെന്നായിരുന്നു ആദ്യം ലഭിച്ച സൂചനകൾ . തങ്കമണി പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് അന്വേഷിച്ച് വരവെയാണ് സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ ഉണ്ടെന്ന് വ്യക്തമായത്.