ഇടുക്കി: ഹൈറേഞ്ചിന്റെ മടിത്തട്ടിൽ മൂന്ന് ദിവസം നടന്ന കായിക മാമാങ്കത്തിൽ കപ്പുയർത്തി കട്ടപ്പന. സ്‌കൂൾ തലത്തിൽ എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസ് മുടിചൂടാ മന്നൻമാരായി. 40 സ്വർണവും 33 വെള്ളിയും 36 വെങ്കലവുമായി 363 പോയിന്റുകളോടെയാണ് കട്ടപ്പന ഉപജില്ല ഓവറോൾ കിരീടത്തിൽ മുത്തമിട്ടത്. 30 സ്വർണവും 28 വെള്ളിയും 25 വെങ്കലവുമായി 284 പോയിന്റ് നേടി അടിമാലി ഉപജില്ല റണ്ണേഴ്‌സ് അപ്പായി. 142 പോയിന്റുകളുമായി പീരുമേട് മൂന്നാം സ്ഥാനത്തും 59 പോയിന്റുകളുമായി തൊടുപുഴ ഉപജില്ല നാലാം സ്ഥാനത്തുമെത്തി. സ്‌കൂൾതലത്തിൽ 119 പോയിന്റുകളുമായാണ് എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസ് ഓവറോൾ നേടിയത്. 110 പോയിന്റുകളോടെ ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാമത്. 80 പോയിന്റുകളോടെ കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.
സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
നഗരസഭാ അംഗങ്ങളായ ജാൻസി ബേബി, സോണിയ ജെയ്ബി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ, കട്ടപ്പന എ.ഇ.ഒ ടോമി ഫിലിപ്പ്, കട്ടപ്പന ഡി.ഇ.ഒ ശശികല എൽ തുടങ്ങിയവർ പങ്കെടുത്തു.

വ്യക്തിഗത ചാമ്പ്യൻമാർ

സീനിയർ പെൺകുട്ടികൾ: അലീന സജി, സി.എച്ച്എസ് കാൽവരി മൗണ്ട്

സീനിയർ ആൺകുട്ടികൾ: ആന്റോ ആന്റണി, സെന്റ് ജോസഫ് എച്ച്.എസ്.എസ്, പെരുവന്താനം

ജൂനിയർ പെൺകുട്ടികൾ: ജോബിന ജോബി, സി.എച്ച്.എസ്, കാൽവരി മൗണ്ട്

സബ് ജൂനിയർ ആൺകുട്ടികൾ: ഡോൺ ലാലു, സി.എച്ച്.എസ് കാൽവരി മൗണ്ട്

ജൂനിയർ ആൺകുട്ടികൾ: സഞ്ചയ് എസ്,
എസ്.എൻ.വി.എച്ച്.എസ്.എസ്, എൻ.ആർ സിറ്റി

സബ് ജൂനിയർ പെൺകുട്ടികൾ: അബിയ ആൻ ജിജി, സെന്റ് ആന്റണീസ് യു.പി സ്‌കൂൾ മുണ്ടക്കയം.