തൊടുപുഴ: സി.പി.എം തൊടുപുഴ ഈസ്റ്റ് എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ് കൃഷ്ണപിള്ളയുടെ 73 ാമത് രക്തസാക്ഷിദിനം ഞായറാഴ്ച്ച വിപുലമായ പരിപാടികളോടെ ആചരിക്കും. ഇതോടനുബന്ധിച്ച് ജ്യോതിസൂപ്പർ ബസ്സാർ പരിസരത്തുനിന്ന് വൈകുന്നേരം 4 ന് ആരംഭിക്കുന്ന പ്രകടനം മങ്ങാട്ടുകവലയിൽ സമാപിക്കും. പൊതുസമ്മേളനം സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസിന്റെ (കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം) ശിലാസ്ഥാപനവും നിർവ്വഹിക്കും.ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാകായിക മത്സരവിജയികൾക്ക് കെ.എസ് കൃഷ്ണപിള്ള സ്മാരക എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും

നൽകും. പരിപാടികളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രൻ, എം.എം മണി എം. എൽ. എ, ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി മേരി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.വി മത്തായി, ഷൈലജ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. പൊതുസമ്മേളനാനന്തരം കോഴിക്കോട് രംഗഭാഷയുടെ 'മുക്കുത്തി ' എന്ന നാടകം അരങ്ങേറും.

പത്രസമ്മേളനത്തിൽ സി. പി. എം ഏരിയാസെക്രട്ടറി മുഹമ്മദ് ഫൈസൽ , സ്വാഗതസംഘം ചെയർമാൻ എം.എം മാത്യു, ട്രഷറാർ വി.ബി. വിനയൻ , എ. വി. ജമാൽ തുടങ്ങിയവർ പങ്കെടുത്തു.