ഇടവെട്ടി: പോസ്റ്റ് ഓഫീസ് പടിക്കൽ ആഴ്ചകളായി പൈപ്പ് പൊട്ടി ജലം പാഴാകുന്നതിനെക്കുറിച്ചുള്ള കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങളുടെ വാർത്ത വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ തകരാർ പരിഹരിച്ചു. ഇടവെട്ടി- തെക്കുംഭാഗം റോഡിൽ പഴയപോസ്റ്റ് ഓഫീസിന് സമീപമായിരുന്നു പൈപ്പ് പൊട്ടി ദിവസങ്ങളോളം ജലം പാഴായത്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഇത് നന്നാക്കാൻ അധികൃതർ തയ്യാറായില്ല. പൊതുപ്രവർത്തകൻ കോൺഗ്രസ് (എസ്) ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ജലവിതരണ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കേരള കൗമുദിയടക്കമുള്ള പത്രങ്ങൾ ഈ പ്രശ്നം വാർത്തയാക്കിയത്. വാർത്ത വന്ന അന്നുതന്നെ വാട്ടർ അതോറിട്ടി അധികൃതർ തകരാർ പരിഹരിക്കുകയായിരുന്നു.