തൊടുപുഴ: റബ്ബർ ബാൻഡ് പോലെ താഴേക്ക് വലിഞ്ഞ് റബ്ബർ വില കൂപ്പുകുത്തി. ഇന്നലെ റബ്ബർ ഷീറ്റിന് വിപണിയിൽ 142 രൂപയും ഒട്ടുപാലിന് 73 രൂപയുമാണ് ശരാശരി വില. റബ്ബർ ബോർഡ് ഷീറ്റിന് 147 രൂപ വരെയും ഒട്ടുപാലിന് 89 രൂപ വരെയും വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും വ്യാപാരികൾ ഈ വില കർഷകർക്ക് നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്. റബർ ഷീറ്റിന് ആറുമാസം കൊണ്ട് 15 രൂപയാണ് കുറഞ്ഞത്. വിലയില്ലാത്തതിനാൽ മിക്ക തോട്ടങ്ങളിലും റബ്ബർ ടാപ്പിംഗ് നിർത്തി റബ്ബർ വെട്ടിനീക്കി മറ്റ് കൃഷികളിലേക്ക് തിരിയുന്ന സാഹചര്യമുണ്ട്. ടാപ്പിംഗ് തൊഴിലാളികൾക്ക് അർഹിച്ച കൂലി ലഭിക്കാതെ മറ്റ് ജീവിത മാർഗങ്ങളിലേക്ക് തിരിയുന്നതിനാൽ തൊഴിലാളിക്ഷാമം മൂലം വൻതോട്ടങ്ങളിലും വെട്ട് നിറുത്തേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. മഴ മാറി നിൽക്കുന്ന സാഹചര്യമായതിനാലും ഉത്പാദനം വർദ്ധിച്ചിരിക്കുന്നതിനാലും വിപണിയിലേക്ക് കൂടുതൽ റബ്ബർ എത്തിയതാണ് വിലയിടിവിന് ആധാരം.
കഴിഞ്ഞ ജൂൺ മാസത്തിൽ റബ്ബറിന് 180 രൂപയ്ക്ക് മുകളിൽ വില ഉയർന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. ഇതോടെ കൂടുതൽ പേർ റബ്ബർ കൃഷിയിലേക്ക് മടങ്ങിയെത്തുകയും തോട്ടങ്ങൾ പാട്ടത്തിനെടുക്കുകയും ചെയ്തിരുന്നു. ഈ കർഷകരെല്ലാം നിലവിൽ വിലയിടിവിൽ നട്ടം തിരിയുകയാണ്. ലാറ്റക്‌സിന് 185 രൂപ വരെ വില നിന്നിരുന്ന സമയത്ത് പാട്ടം എടുത്തവർക്ക് ഇപ്പോൾ 90 രൂപ പോലും തികച്ച് ലഭിക്കുന്നില്ല. വില പകുതിയിലേക്ക് കൂപ്പുകുത്തിയതിനൊപ്പം പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനവും കുറഞ്ഞു. കേന്ദ്രസംസ്ഥാന സർക്കാരുകൾ പൊതുവിപണിയിൽ ഇടപെട്ട് കർഷകർക്ക് സബ്‌സിഡി 200 രൂപയാക്കി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം.

വിലസ്ഥിരതയുമില്ല,​ ഫണ്ടുമില്ല

ഗുരുതരമായ പ്രതിസന്ധിയുണ്ടായിട്ടും റബ്ബർ വില സ്ഥിരതാ ഫണ്ട് പുനഃസ്ഥാപിച്ചെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിട്ട് രണ്ടുമാസം പിന്നിടുമ്പോഴും കർഷകന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടില്ല. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ റബ്ബറിന് 250 രൂപ അടിസ്ഥാന വില നിശ്ചയിച്ച് റബ്ബർ വിലസ്ഥിരത ഉറപ്പ് വരുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സർക്കാർ കർഷകർക്ക് സബ്‌സിഡി അനുവദിക്കാൻ തയ്യാറാകുന്നില്ല.