പീരുമേട്:പാവപ്പെട്ടവർ പട്ടയത്തിനായി അപേക്ഷ നൽകിയാൽ പലവിധ ന്യൂനതകൾ കാട്ടി നിരസിക്കും, എന്നാൽ ഭൂമാഫിയകൾക്ക് പട്ടയനടപടികൾ ശരവേഗത്തിൽ നടക്കുന്നു. കഴിഞ്ഞ പട്ടയമേളയിൽ പീരുമേട് താലൂക്കിലെ അപേക്ഷകർക്ക് പട്ടയം ലഭിച്ചിരുന്നില്ല.936 അപേക്ഷകൾ ന്യൂനത പരിഹരിക്കാൻ ജില്ലാ ഭരണകൂടം തിരിച്ചയച്ചിരുന്നു. പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, ചക്കുപള്ളം , കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ ,എന്നി പഞ്ചായത്തുകളിലെഅപേക്ഷയാണ് ജില്ലാ ഭരണകൂടം ന്യൂനതകൾ പരിഹരിക്കാൻ തിരിച്ചയച്ചത് .ആറുമാസം കഴിഞ്ഞിട്ടും തിരിച്ചയച്ച ഫയലുകൾ അനങ്ങിയില്ല.എന്നാൽ ഇവരുടെ അപേക്ഷകൾക്ക് ശേഷം അപേക്ഷിച്ച ഭൂമാഫിയകൾക്ക് ഏക്കർ കണക്കിന് സ്ഥലത്തിന് നിയമ വിരുദ്ധമായി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പട്ടയം നൽകുകയാണ്. 1664 പ്രകാരം പട്ടയത്തിന് അപേക്ഷിച്ചയാൾക്ക് 3 ഏക്കർ വരുന്ന ഭൂമിക്ക് 2019 ൽ പട്ടയം നല്കി. ഈ പട്ടയഭൂമി 2022 ൽ തിരുവനന്തപുരം സ്വദേശിക്ക് വിൽപ്പന നടത്തി. ഇപ്പോൾ തുണ്ടു തുണ്ടായി ഈ സ്ഥലം വിൽക്കുന്നു.1964 ലെ ഭൂപതിവ് ചട്ടപ്രകാരം കൈവശക്കാരന് പട്ടയം ലഭിക്കുന്നത് വീട് വയ്ക്കാനം, കൃഷിക്കുമാണ് എന്നാൽ അനധികൃതമായി ലക്ഷങ്ങൾ ചെലവാക്കി ഭൂമാഫിയകൾ പട്ടയം വാങ്ങി സ്ഥലം മറിച്ചു വിൽക്കുകയും തുണ്ട് തുണ്ടാക്കിവിൽപ്പന നടത്തുന്നത്. പാമ്പനാറിൽ ഒരു എസ്റ്റേറ്റ് വിലക്ക് പല ഫ്ളോട്ടാക്കി വിൽപ്പന നടത്തി. റിയൽ എസ്റ്റേറ്റ് ഉടമകൾ വാങ്ങിയ സ്ഥലത്തിന്റെ മുന്നാധാരത്തിൽ വിരിവായി കാണിച്ചിരുന്ന ഭൂമിക്ക് പട്ടയം കരസ്ഥമാക്കി 5സെന്റും 10 സെന്റുമായവില്പന നടത്തുകയാണ് ഉണ്ടായത് ഇപ്രകാരം കോടികൾ ഭൂ ഉടമകൾ സമ്പാദിച്ചതായാണ് വിവരം. അഞ്ചും ,പത്തും ,സെന്റിന് അപേക്ഷ നൽകുന്നവർ ,അപേക്ഷ സ്വീകരിച്ച് നിരവധി പ്രാവശ്യം ലാൻഡ് അസൈമെൻറ്റ് ആഫീസിൽ കയറി ഇറങ്ങിയാലും ഇവർക്ക് നടപടിക്രമങ്ങൾ അറിയാതെ പലപ്പോഴും കാലതാമസം വരും. സ്ഥലം സന്ദർശിച്ച്, മഹസർ തയ്യാറാക്കി റിപ്പോർട്ട് നൽകാൻ റവന്യൂ ഇൻസ്‌പെക്ടർക്കും, വില്ലേജ് അസിസ്റ്റന്റിനും കൈക്കൂലി കൊടുക്കുകയും വേണം.ഉദ്യോഗസ്ഥർ സ്ഥലം മാറി പോകും, തുടർന്ന് വരുന്ന ഉദ്യോഗസ്ഥർക്ക് വീണ്ടും ഒന്നു മുതൽ അപേക്ഷ നല്കി നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ വീണ്ടും പരിഗണിക്കുമ്പോൾ വർഷങ്ങൾ വീണ്ടും കഴിയും.
വാഗമണ്ണിൽ മറിച്ച്
വിൽപ്പന തുടരുന്നു
പീരുമേട് പഞ്ചായത്തിൽ ഗ്ലെൻ മേരി പുതുവൽ, കൊടുവാക്കരണം പുതുവൽ, മേമല കമ്പി മൊട്ട പുതുവൽ ഇവിടെ ഒക്കെ അഞ്ചും, പത്തുസെന്റ് സ്ഥലം മാത്രമുള്ളവർ അപേക്ഷകൾ നല്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
വാഗമണ്ണിൽ ഇപ്പോഴും ഭൂമിക്ക് പട്ടയം സമ്പാദിച്ച് വിൽപ്പന നടത്തുകയാണ്. പാവപ്പെട്ടവർ അഞ്ച് സെന്റിനും, പത്തുസെന്റിനും പട്ടയത്തിന്അപേക്ഷിച്ചാൽ എങ്ങനെ പട്ടയം നൽകാതിരിക്കാം എന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരാണ് ഭൂമാഫിയകൾക്ക് കൈയ്യയച്ച് സഹായം നൽകുന്നത്.