കട്ടപ്പന: നഗരസഭാ പരിധിയിൽപ്പെടുന്ന ആഞ്ഞിലിപാലം, വാഴവര മേഖലയിൽ നിന്ന് നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ റവന്യൂ വകുപ്പ് രഹസ്യ നീക്കം നടത്തുന്നതായി ആരോപണം. വർഷങ്ങളായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന കർഷകരെ കൈയേറ്റക്കാരെന്ന് ചിത്രീകരിച്ചു കുടിയിറക്കാനാണ് നീക്കം നടക്കുന്നത്. നഗരസഭയിലെ ദരിദ്രർ കൂടുതൽ താമസിക്കുന്ന പ്രദേശമാണ് ഇവിടം. 1975ന് ശേഷം ഇവിടെ റീ സർവേ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഇത് റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. ഇതിനോടകം ഭൂമി ക്രയവിക്രയങ്ങൾ നിരവധി നടന്നും കഴിഞ്ഞു. ഇക്കാലയളവിൽ കട്ടപ്പന പഞ്ചായത്ത് നഗരസഭയായി മാറുകയും ചെയ്തു. 70 വർഷത്തിലധികമായി ഇവിടെ കുടുംബമായി താമസിച്ചു കൃഷി ചെയ്യുന്നവരാണ് ഇപ്പോഴുള്ള കർഷകർ. ഈ വിശാലമായ മേഖല കൈയേറ്റമാണെന്നാണ് റവന്യൂ വകുപ്പിന്റെ വിചിത്രമായ കണ്ടെത്തൽ. കല്യാണതണ്ട് ക്ഷേത്രം, വെള്ളയാംകുടി സെന്റ് ജെറോംസ് പള്ളി തുടങ്ങിയ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ഇവിടം പരിസ്ഥിതി ലോല മേഖലയാണെന്ന് കണ്ടുപിടിച്ചത് ഏത് മാനദണ്ഡത്തിലാണെന്ന് വ്യക്തത വരുത്താൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. മൊട്ടകുന്നുകൾക്കും പുല്ലുമേടുകൾക്കും പട്ടയം കൊടുക്കണമെന്നുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവ് നിലവിൽ ഉണ്ട്. അതിനാൽ റവന്യൂ വകുപ്പിന്റെ വാദം നിലനിൽക്കുന്നതല്ല. ഈ ഉത്തരവ് റദ്ധാക്കിയാലേ ഇവിടെ കർഷകർക്കെതിരെ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന് കഴിയൂ.
സമരം
നടത്തും
റവന്യൂ വകുപ്പിന്റെ ഗൂഢ നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് കൗൺസിലർ പ്രശാന്ത് രാജു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി ചീരാംകുന്നേൽ ഡി.സി.സി അംഗങ്ങളായ പി.എസ്. രാജപ്പൻ, ഷാജൻ ജേക്കബ്, സി.എം. തങ്കച്ചൻ, ജോസ് അനക്കല്ലിൽ എന്നിവർ പറഞ്ഞു.