ഏലപ്പാറ : ഹെലീബറിയായിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ഏലപ്പാറ ഹെലിബറിയ -കുമിളി റോഡ് വികസനത്തിന് തടസം നിൽക്കുന്ന തോട്ടം ഉടമയുടെ നടപടിക്കെതിരെയാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
പി.എം .ജി. എസ്. വൈ പദ്ധതിയിൽ റോഡിന് ഫണ്ട് അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് സമരസമിതിക്ക് രൂപം നൽകിയത്. സമരസമിതിയുടെയും എം .പി, എം.എൽ എ, കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ വെവ്വേറെ ചർച്ചകൾ നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് അനിശ്ചിത കാല നിരാഹാര സമരം നടത്താൻ സമര സമിതി തീരുമാനിച്ചത്. മോനച്ചൻ ആലംപള്ളി, റോബിൻ സൺ എന്നിവരാണ് അനിശ്ചിത കാല സമരം നടത്തുന്നത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള റോഡിലൂടെ നിരവധി ബസുകൾ ഓടിയിരുന്നു. ഇപ്പോൾ കാൽനടയാത്രക്ക് പോലും പറ്റാത്ത സാഹചര്യമാണുള്ളത്. മ്ലാമല, പൂണ്ടിക്കുളം തുടങ്ങിയ പ്രദേശത്തെ ജനങ്ങളുടെ യാത്രാമാർഗ്ഗമാണിത്. ഏലപ്പാറയിൽ നിന്ന് കുമിളിക്കും വാഗമണ്ണിൽ നിന്ന് തേക്കടിക്കുമെത്താനുള്ള ദൂരം കുറഞ്ഞ റോഡാണിത്. പ്രശ്‌നത്തിന് പരിഹാരം കാണുന്നതു വരെസമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.