തൊടുപുഴ: ശബരിമല അയ്യപ്പന്മാർക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ട് ജില്ലയിലെ ആറ് പഞ്ചായത്തുകൾക്ക് സർക്കാർ പ്രത്യേക ധന സഹായം അനുവദിച്ചു. പെരുവന്താനം- 6.6 ലക്ഷം രൂപ, പീരുമേട്- 5.39, വണ്ടിപ്പെരിയാർ- 7.07, കുമളി- 9.43, ഏലപ്പാറ- 4.22, കരുണാപുരം- 1.06 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തീർത്ഥാടകർക്ക് കുടിവെള്ളം, വിശ്രമ കേന്ദ്രം, വിരിവയ്ക്കുന്നതിന് സൗകര്യം, ശുചീകരണ പ്രവർത്തനം എന്നിവയ്ക്ക് ഫണ്ട് ഉപയോഗിക്കാം. മണ്ഡലകാലം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശരണ വഴിയിൽ തീർത്ഥാടകരുടെ തിരക്കേറുകയാണ്. പെരുവന്താനം മുക്കുഴി വഴി കാനന പാതയിലൂടെയും വണ്ടിപ്പെരിയാർ സത്രം കൂടി പുല്ലുമേട് വഴിയും ദിവസവും നൂറുകണക്കിന് അയ്യപ്പന്മാരാണ് സന്നിധാനത്തേക്ക് പോകുന്നത്. തമിഴ്നാട്ടിൽ നിന്നും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള തിർത്ഥാടകരാണ് ഇതുവഴി കടന്നു പോകുന്നത്.

പമ്പ സർവ്വീസിന് കാത്തിരിപ്പ്

തൊടുപുഴയിൽ നിന്നും പമ്പയ്ക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ശബരിമല തിർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് മണ്ഡലകാലത്ത് പമ്പയിലേക്ക് സർവ്വീസ് നടത്തിയിരുന്നു. ആറ് വർഷം മുമ്പ് വരെ ഈ സർവ്വീസുണ്ടായിരുന്നു. ജില്ലയുടെ പല മേഖലകളിൽ നിന്നും

തൊടുപുഴയിലെത്തി ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം വൈകിട്ട് പമ്പയിലേക്ക് പോയിരുന്ന സർവ്വീസായിരുന്നു ഇത്.