തൊടുപുഴ: രക്തസാക്ഷി കെ.എസ്. കൃഷ്ണപിള്ളയുടെ 73-ാം രക്തസാക്ഷി ദിനാചരണം ഇന്ന് ജില്ലയിൽ സമുചിതമായി ആചരിക്കും. സി.പി.എം തൊടുപുഴ ഈസ്റ്റ്, വെസ്റ്റ്, കരിമണ്ണൂർ, മൂലമറ്റം ഏരിയകളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ ചേരും. സമ്മേളനങ്ങൾക്ക് മുമ്പ് വമ്പിച്ച പ്രകടനമുണ്ടാകും. തൊടുപുഴ ഈസ്റ്റ് ഏരിയയിൽ വൈകിട്ട് നാലിന് ജ്യോതി സൂപ്പർ ബസാർ പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ച് മങ്ങാട്ടുകവലയിൽ സമാപിക്കും. സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ സംസാരിക്കും. ശേഷം കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകം അരങ്ങേറും. തൊടുപുഴ വെസ്റ്റ് ഏരിയയിൽ വൈകിട്ട് നാലിന് ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കും. മുൻസിപ്പൽ മൈതാനിയിൽ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. ശേഷം കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേള. മൂലമറ്റം ഏരിയയിൽ അശോകക്കവല കേന്ദ്രീകരിച്ച് വൈകിട്ട് നാലിന് പ്രകടനം ആരംഭിക്കും. നഗരത്തിൽ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ശേഷം ഗാനമേളയും മെഗാഷോയും നടക്കും. കരിമണ്ണൂർ ഏരിയയിൽ വൈകിട്ട് നാലിന് അമ്പലപ്പടിയിൽ നിന്ന് പ്രകടനം ആരംഭിക്കും. വണ്ണപ്പുറം നഗരത്തിൽ അനുസ്മരണ സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശേഷം കോട്ടയം മെഗാബീറ്റ്‌സിന്റെ ഗാനമേള. വിവിധ കേന്ദ്രങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.