കട്ടപ്പന: സമാനതകളിലാത്ത ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിന്റെ ഞെട്ടലിലാണ് ഇടുക്കി നാരകക്കാനം സ്വദേശികൾ. പൊതുപ്രവർത്തകൻ ചമഞ്ഞ് നാട്ടിൽ വിലസിയ പ്രതിക്ക് ഒരു കൊലപാതകം ചെയ്യാനാകുമെന്ന് നാട്ടുകാർ ഒരിക്കലും കരുതിയിരുന്നില്ല. വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി സജി നടത്തിയത് സിനിമാ നടന്മാരെ വെല്ലുന്ന പ്രകടനമാണ്. നേരറിയാൻ സി.ബി.ഐ എന്ന സിനിമയിൽ കൊലപാതകം നടത്തിയ ശേഷം കൊലപാതകിയെ പിടികൂടാൻ പൊലീസിൽ പരാതി നൽകുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്യുന്ന ജഗദീഷിന്റെ ഒരു കഥാപാത്രമുണ്ട്. സമാന രീതിയിൽ ആയിരുന്നു തോമസ് വർഗീസും. പൊലീസ് സംഘം അന്വേഷണത്തിനെത്തിയത് മുതൽ നാട്ടുകാർക്കൊപ്പം ഇയാളും കൂടെയുണ്ടായിരുന്നു. അന്വേഷണത്തെ സഹായിക്കാൻ എന്നോണമായിരുന്നു രാഷ്ട്രീയപ്രവർത്തകനായ ഇയാളുടെ പ്രവർത്തനം. കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച നാല് പവൻ സ്വർണ്ണവും 1,25000 രൂപയ്ക്ക് പണയം വച്ചതിനു ശേഷം ആവശ്യത്തിന് മദ്യം വാങ്ങി കഴിക്കുകയാണ് ഇയാൾ ആദ്യം ചെയ്തത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ജീവിക്കുന്ന ഇയാൾ സ്ത്രീകൾക്ക് ഒരു സ്ഥിരം ശല്യക്കാരനായിരുന്നെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരുടെ ചെവിയിലെത്തിയിരുന്നു. മരണപ്പെട്ട ചിന്നമ്മയെയും മുമ്പ് ഇയാൾ ശല്യം ചെയ്തിരുന്നതായും അറിവ് ലഭിച്ചു. ഇതിനിടെയാണ് പൊലീസ് നായ സ്റ്റെഫി മണം പിടിച്ച് തോമസിന്റെ വീട്ടിലെത്തിയത്. അപ്പോഴേക്കും പ്രതി മുങ്ങിയിരുന്നു. മിക്കവാറും മദ്യലഹരിയിലായ ഇയാൾ ചെറിയ മോഷണങ്ങളും നടത്താറുള്ളതായി പറയുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇതേക്കുറിച്ചു പറയാനാവൂ എന്ന് ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. 23നാണ് ഇടുക്കി നാരകക്കാനം കുമ്പിടിയാങ്കൽ ചിന്നമ്മയുടെ (67) മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയത്. വൈകിട്ട് വീട്ടിലെത്തിയ കൊച്ചുമകളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ചിന്നമ്മയുടെ ദേഹത്തുണ്ടായിരുന്ന മാലയും വളയുമടക്കം നാല് പവനോളം സ്വർണവും നഷ്ടമായിരുന്നു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്‌മോന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ചിന്നമ്മയുടെ വീടിന് 500 മീറ്റർ അകലെ താമസിക്കുന്ന പൊതുപ്രവർത്തകനാണ് വെട്ടിയാങ്കൽ സജി എന്നറിയപ്പെടുന്ന തോമസ് വർഗീസ്.

ക്രൂരത ഇങ്ങനെ

23ന് ഉച്ചയ്ക്ക് 12.30നാണ് പ്രതി ചിന്നമ്മയുടെ വീട്ടിലെത്തിയത്. ഈ സമയം ചിന്നമ്മ തന്നെയാണ് വീട്ടിലുണ്ടായിരുന്നത്. പ്രതി കുടിക്കാൻ വെള്ളം ചോദിച്ചു. തുണി അലക്കുകയായിരുന്ന ചിന്നമ്മ പ്രതിയോട് കയറിയിരിക്കാൻ പറഞ്ഞ ശേഷം അടുക്കളയിലേക്ക് വെള്ളമെടുക്കാൻ പോയി. ഈ സമയം പിന്നിലൂടെയെത്തിയ പ്രതി അടുക്കളവാതിക്കൽ കിടന്ന പലകയെടുത്ത് ചിന്നമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മേശപ്പുറത്തിരുന്ന കറിക്കത്തിയെടുത്ത് ചിന്നമ്മ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കരാട്ടെ ബ്ലാക്ക് ബെൽറ്റായ പ്രതി നിലത്തുകിടന്ന അരിവാളെടുത്ത് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് ബോധരഹിതയായി വീണ ചിന്നമ്മയുടെ ദേഹത്ത് പ്രതി അടുത്ത മുറിയിൽ നിന്ന് പുതപ്പും തുണികളും ബുക്കുകളും എടുത്തുകൊണ്ടുവന്നിട്ടു. ഇതിന് ശേഷം പാചകവാതക സിലിണ്ടറിന്റെ ഹോസ് മുറിച്ചിട്ട ശേഷം തുണിക്ക് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തും മുമ്പ് ചിന്നമ്മയുടെ മാലകളും വളകളും പ്രതി കൈക്കലാക്കിയിരുന്നു.

തെളിവ് നശിപ്പിക്കാൻ വിദഗ്ദ്ധ ശ്രമം

തെളിവ് നശിപ്പിക്കാൻ മൃതദേഹം പ്രതി കത്തിച്ചത് അതി വിദഗ്ദ്ധമായാണ്. ഗ്യാസ് സിലിണ്ടർ റഗുലേറ്റർ സിം മോഡിൽ പാതി മാത്രമാണ് തുറന്നു വിട്ടത്. പ്രതിക്ക് പൊള്ളൽ ഏൽക്കാതിരിക്കാനായിരുന്നു ഇത്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഇയാൾ സ്റ്റൗ മെക്കാനിക്കുമായിരുന്നു. എന്നാൽ തീ പടർന്ന് പിടിക്കാതെ ഒരു പ്രദേശം മാത്രം കത്തിയതാണ് പൊലീസിന് സംശയം തോന്നാൻ കാരണം. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ കൊലപാതകമാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാകുമായിരുന്നു.