ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ചത് പൊലീസ് നായ സ്റ്റെഫി. കൊലപാതകം നടന്ന് പിറ്റേ ദിവസം രാവിലെയാണ് ഇടുക്കി കെ 9 സ്ക്വാഡിലെ സ്റ്റെഫി എന്ന ട്രാക്കർ നായയുമായി പൊലീസ് സ്ഥലത്തെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞിരുന്നതിനാൽ മറ്റ് മണങ്ങൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. മുറിയിലെല്ലാം കയറിയിറങ്ങി അവൾ മണം പിടിച്ചു. പ്രതി നടന്ന് കയറിയ പല വഴികളിലും തുടർച്ചയില്ലാത്തതിനാൽ തിരിച്ച് വന്നു വായുവിലേക്ക് മുഖമുയർത്തി ദിശ മനസിലാക്കി. മണം പിടിച്ചു പിടിച്ച് വീണ്ടും മുന്നിലേക്ക് പോയി. നേരെയെത്തി നിന്നത് പ്രതി തോമസിന്റെ വീടിന് മുന്നിൽ. അപ്പോഴേക്കും പ്രതി സ്ഥലംവിട്ടിരുന്നു. ഏഴര വയസുകാരിയായ സ്റ്റെഫിയാണ് അതുവരെ പൊലീസിന് വ്യക്തമായ ധാരണയില്ലാതിരുന്ന കൊലപാതകത്തിലെ നിർണായകമായ തുമ്പ് നൽകിയത്. ക്രൂരമായ കൊലപാതകമായതിനാൽ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. സംശയം തോന്നി രണ്ട്,​ മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലുമെടുത്തിരുന്നു. എന്നാൽ സ്റ്റെഫി അയൽവാസിയുടെ വീട്ടിലേക്ക് ഓടിയെത്തിയതോടെ കഥയാകെ മാറി. ആറ് വർഷം മുമ്പ് തൃശൂരിൽ നിന്ന് ഇടുക്കി ഡോഗ് സ്ക്വാഡിനൊപ്പം ചേർന്നതാണ് ഈ മിടുക്കി. ഇതിനകം നിരവധി കുറ്റകൃത്യങ്ങളിലാണ് തുമ്പുണ്ടാക്കിയത്. കുട്ടിക്കാനത്ത് അന്യസംസ്ഥാന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്,​ വണ്ണപ്പുറം റബ്ബർ തോട്ടത്തിലുണ്ടായ കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ നിർണായകമായ തുമ്പ് നൽകിയത് സ്റ്റെഫിയായിരുന്നു. കെ9 സ്ക്വാഡിലെ അജിത്തും രഞ്ജിത്തുമാണ് സ്റ്റെഫിയുടെ ഹാൻഡ്‌ലർമാർ.