മുട്ടം: മുട്ടം ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടം. പഞ്ചായത്തും മുട്ടം മൃഗാശുപത്രിയും സയുക്തമായി വന്ധ്യംകരണ പദ്ധതി നടപ്പിലാക്കിയെങ്കിലും വിവിധ വാർഡ് പ്രദേശങ്ങളിൽ ഇപ്പോഴും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. ഇതേ തുടർന്ന് പ്രദേശവാസികൾ ഏറെ ആശങ്കയിലുമാണ്. രാവും പകലും വ്യത്യാസമില്ലാതെയാണ് അപകടകാരികളായ നായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയായി തെരുവിലൂടെ തലങ്ങും വിലങ്ങും പായുന്നത്. വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്ക് ചുറ്റിലുമായി കൂട്ടത്തോടെയാണ് ഇവറ്റകൾ ഉച്ചത്തിൽ കുരച്ച് റോന്ത് ചുറ്റുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ മുട്ടം പഞ്ചായത്ത് പ്രദേശത്തുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയ സംഭവങ്ങളുമുണ്ട്. വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്ക് സമീപവും തമ്പടിക്കുന്ന ഇവറ്റകളെ ഓടിച്ച് വിടാൻ ശ്രമിക്കുമ്പോൾ ആക്രമിക്കാനായി പാഞ്ഞടുക്കുന്നതും നിത്യ സംഭവമാണ്. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ ഇവറ്റകൾ കൂട്ടത്തോടെ കടിപിടികൂടി ബഹളം വയ്ക്കുന്നതിനാൽ രാവിലെ ഏറെ സമയം കഴിഞ്ഞാണ് സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നതെന്ന് ടൗണിലെ വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മുട്ടം ടൗണിൽ എസ്.ബി.ഐയ്ക്ക് സമീപത്തുള്ള കച്ചവട സ്ഥാപന ഉടമക്ക് നേരെ തെരുവ് നായ ഉച്ചത്തിൽ കുരച്ച് ബഹളം വെച്ച് ആക്രമിക്കാനായി പാഞ്ഞടുത്തു. സ്ഥാപന ഉടമ വ്യാപാര സ്ഥാപനത്തിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടത്.