house

മൂന്നാർ: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന് റവന്യൂ വകുപ്പിന്റെ ഒഴിപ്പിക്കൽ നോട്ടീസ്. പിന്നാലെ രാജേന്ദ്രൻ ഹൈക്കോടതിയിൽ നിന്ന് ഒഴിപ്പിക്കലിന് മൂന്ന് മാസത്തേക്ക് സ്റ്റേ വാങ്ങി.

മൂന്നാർ ഇക്കാനഗറിലെ വീട് കെ.എസ്.ഇ.ബി ഭൂമിയിലാണെന്ന് കണ്ടെത്തിയതോടെയാണ് ലാൻഡ് റവന്യൂ കമ്മിഷണറുടെ നിർദ്ദേശ പ്രകാരം ദേവികുളം എൽ. ആർ തഹസിൽദാർ മുരളീധരൻ ഏഴ് ദിവസത്തിനകം ഒഴിയാൻ നോട്ടീസ് നൽകിയത്. ഇക്കാനഗറിലെ എട്ട് സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ കൈവശമുള്ളത്. ഇക്കാനഗറിലെ മറ്റൊരാൾ തന്റെ ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അയാൾ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തി. തുടർന്ന് കെ.എസ്.ഇ.ബിയുടെ ഭൂമി കൈവശം വയ്ക്കുന്നവരെ ഒഴിപ്പിക്കാൻ കളക്ടർക്ക് കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാജേന്ദ്രനടക്കം 60ഓളം പേർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് നൽകിയ നോട്ടീസിൽ രേഖകൾ ഹാജരാക്കാനും വിശദീകരണം നൽകാനുമാണ് പറയുന്നത്. രാജേന്ദ്രന് നൽകിയ നോട്ടീസിൽ സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ ബലപ്രയോഗം വേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു. എസ്. രാജേന്ദ്രൻ എം.എൽ.എ ആയിരുന്നപ്പോഴും ശേഷവും കൈയേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. റവന്യൂ വകുപ്പ് രേഖകൾ ഹാജരാക്കാൻ രാജേന്ദ്രന് നോട്ടീസും നൽകി. മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. രാജേന്ദ്രനെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ചു. സി.പി.ഐ അടക്കമുള്ള പാർട്ടികളും രാജേന്ദ്രന് പിന്തുണ നൽകുന്നുണ്ട്.

''എം.എം. മണിയുടെ നേതൃത്വത്തിൽ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ നോട്ടീസ്. മൂന്നാറിൽ നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുമ്പ് എം.എം. മണി പൊതുവേദിയിൽ ആഹ്വാനം ചെയ്തിരുന്നു. എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യൂ വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നൽകിയത്‌"

-എസ്. രാജേന്ദ്രൻ (മുൻ ദേവികുളം എം.എൽ.എ)​

''നോട്ടീസിന് പിന്നിൽ താനാണെന്ന് എസ്. രാജേന്ദ്രൻ പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണ്. ആരോടും അങ്ങനെ ചെയ്യില്ല. എസ്. രാജേന്ദ്രൻ ഭൂമി കൈയേറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. പഴയ എം.എൽ.എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് അവരാണ് പരിശോധിക്കുന്നത്. കുടിക്കുന്ന വെള്ളത്തിൽ മോശം പണി കാണിച്ചയാളാണ് രാജേന്ദ്രൻ.

-എം.എം. മണി എം.എൽ.എ